ന്യൂഡൽഹി: കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകി ഡൽഹി. നഗരത്തിലെ പല ഭാഗങ്ങളിലും പകൽ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. വരുംദിവസങ്ങളിലും ചൂട് തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
രാജസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉണങ്ങിയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതാണ് ഡൽഹിയിലെ ചൂട് ക്രമാതീതമായി ഉയരാൻ കാരണം. അന്തരീക്ഷത്തിലെ ഈർപ്പം കുറവായതിനാൽ ചൂടിന്റെ കാഠിന്യം വർദ്ധിക്കുകയാണ്.
സഫ്ദർജംഗ് നിരീക്ഷണ കേന്ദ്രത്തിൽ 43.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ, റിഡ്ജ് മേഖലയിൽ 44.6 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നു. അയനഗർ, ലോധി റോഡ് എന്നിവിടങ്ങളിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.
വരും ദിവസങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസിനു മുകളിൽ തന്നെ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. രാത്രിസമയങ്ങളിലും ചൂട് ശമിക്കുന്നില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
തുടർച്ചയായ പകൽ ചൂട് കാരണം ഭൂമിക്ക് താപം പുറത്തുവിടാൻ സമയം ലഭിക്കാത്തതാണ് രാത്രിയിലെ ഉയർന്ന താപനിലയ്ക്ക് കാരണം. അടുത്ത 10 ദിവസത്തേക്ക് മഴയ്ക്കോ തണുത്ത കാറ്റിനോ സാധ്യതയില്ലെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
വേനൽക്കാല രോഗങ്ങൾക്കും സൂര്യാഘാതത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരും നിർദ്ദേശിക്കുന്നു. സിഇഇഡബ്ല്യുവിന്റെ പഠനപ്രകാരം ഡൽഹിയിലെ പകുതിയിലധികം ജില്ലകളും കടുത്ത ഉഷ്ണതരംഗ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
