കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബക്രീദ് പ്രമാണിച്ചുള്ള ഔദ്യോഗിക അവധി വെട്ടിക്കുറച്ച് ബി.ജെ.പി സർക്കാർ. മുൻപ് തൃണമൂൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയിരുന്ന രണ്ട് ദിവസത്തെ പൊതുഅവധി ഒറ്റ ദിവസമാക്കി വെട്ടിച്ചുരുക്കിയാണ് സംസ്ഥാന ധനകാര്യ വകുപ്പ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
നേരത്തെ പ്രസിദ്ധീകരിച്ച 2026-ലെ ഔദ്യോഗിക അവധി കലണ്ടർ ഭാഗികമായി പരിഷ്കരിച്ചാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ ബക്രീദിന് തലേന്നുള്ള ദിവസവും ഉൾപ്പെടെ തുടർച്ചയായ രണ്ട് ദിവസത്തെ അവധിയാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുവദിച്ചിരുന്നത്.
എന്നാൽ പുതിയ ഉത്തരവ് പ്രകാരം ബക്രീദിന്റെ തലേദിവസം പ്രവൃത്തിദിനമായിരിക്കും. ഈ ദിവസം എല്ലാ സർക്കാർ ഓഫീസുകളും കോർപ്പറേഷനുകളും നിയമപരമായ സ്ഥാപനങ്ങളും പൂർണ്ണതോതിൽ പ്രവർത്തിക്കണമെന്നും ധനവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ അവധി കലണ്ടറിന് അനുസൃതമായി സംസ്ഥാനത്തെ അവധി ദിവസങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ബി.ജെ.പി സർക്കാരിന്റെ വിശദീകരണം.
എന്നാൽ, തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും ന്യൂനപക്ഷ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ മതപരമായ അവകാശങ്ങൾക്കും സാംസ്കാരിക വൈവിധ്യങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണ് ഇതൊന്ന് അവർ ആരോപിച്ചു. ജനങ്ങളെ ഉൾക്കൊള്ളുന്ന നയത്തിന്റെ ഭാഗമായാണ് മമത ബാനർജി സർക്കാർ രണ്ട് ദിവസത്തെ അവധി നൽകിയിരുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന നിയമം കർശനമാക്കിക്കൊണ്ട് ബി.ജെ.പി സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബക്രീദ് അവധിയും വെട്ടിക്കുറച്ചത് ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, കന്നുകാലി കശാപ്പ് നിയമത്തിനെതിരെ ഹിന്ദുക്കളായ വ്യാപാരികൾ അടക്കമുള്ളവർ രംഗത്തെത്തിയത് സർക്കാരിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഭരണം മാറിയതിന് പിന്നാലെ ബംഗാളിന്റെ സാംസ്കാരിക-രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്നതാണ് സർക്കാരിന്റെ പുതിയ തീരുമാനങ്ങൾ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
