ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് ജീവനൊടുക്കി യുവതി; സ്ത്രീപീഡനം കാരണമെന്ന് ആരോപണം

1 Min Read
പ്രതീകാത്മക ചിത്രം (Photo - Shutterstock / Prath)

കാസർകോട്: കാസർകോട് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ചർളടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം നടന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത് എന്ന് യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നു.

നാളെ, വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കുടുംബം നൽകിയ സ്വർണാഭരണങ്ങളും മഹറായി നൽകിയ മാലയുമടക്കം ഭർത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായി സുഫൈദയെ നിരന്തരം മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ ദിവസവും സുഫൈദയുടെ ഭർത്താവിന്റെ വീട്ടിൽ സ്വർണവുമായി ബന്ധപ്പെട്ട് വലിയ തർക്കം നടന്നിരുന്നു. തർക്കത്തിനിടെ ഭർത്താവ് സുഫൈദയെ മർദിക്കുകയും വിവരം പുറത്തറിയിക്കാതിരിക്കാൻ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. ഇതിനുപിന്നാലെയാണ് സുഫൈദ ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ചുതന്നെ ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ആ സമയത്തുപോലും പെൺകുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കാനല്ല, മറിച്ച് നീ ഇതിനെല്ലാം അനുഭവിക്കും എന്നുപറഞ്ഞ് മാറിനിൽക്കുകയാണ് ഭർതൃവീട്ടുകാർ ചെയ്തതെന്ന് സുഫൈദയുടെ ബന്ധുക്കൾ പറയുന്നു.

‘മർദനത്തെക്കുറിച്ച് പുറത്താരും അറിയണ്ട എന്ന തരത്തിൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു. കടുത്ത മർദനമാണ് ഇന്നലെ ആ വീട്ടിൽ നടന്നത് എന്നാണ് അറിയാൻ കഴിയുന്നത്. സുഫൈദയെ ആശുപത്രിയിൽ എത്തിക്കാനുള്ള മനസാക്ഷി പോലും അവർ കാണിച്ചില്ല. നീ അനുഭവിച്ചോ എന്ന നിലപാടാണ് ഭർതൃവീട്ടുകാർക്കുണ്ടായിരുന്നത്.’ ബന്ധുക്കൾ പറയുന്നു.

ഭാര്യയും ഭർത്താവും തമ്മിലുള്ള സാധാരണ സൗന്ദര്യപ്പിണക്കം എന്ന തരത്തിലാണ് കണ്ടിരുന്നത്, എന്നാൽ ഇത്രയും ദയനീയമായ അവസ്ഥയിലൂടെയാണ് സുഫൈദ കടന്നുപോയതെന്ന് അറിഞ്ഞില്ലെന്നും ബന്ധുക്കൾ പറയുന്നു. വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഫൈദയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വരികയാണ്.

കാസർകോട് മിംസ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. ആർഡിഓ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version