പ്രവാസികൾക്ക് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം?

0
10

ദുബായ്: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളുടെ സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ് പരിശോധനകളിലെ ആശയക്കുഴപ്പങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഉടൻ പരിഹാരമായേക്കും.

നിലവിലെ കസ്റ്റംസ് നിയമങ്ങൾ പൂർണമായി പൊളിച്ചെഴുതാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാക്കാനുള്ള നീക്കമാണിത്.

യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ശക്തമായ ആവശ്യം പരിഗണിച്ചാണ് ഈ സുപ്രധാന നീക്കം. വിമാനത്താവളങ്ങളിലെ കസ്റ്റംസ് നടപടിക്രമങ്ങൾ പാലിക്കാൻ ആളുകൾക്ക് ‘അമിതമായി മടുപ്പുളവാക്കുന്നതും ദുഷ്കരവും’ അല്ലാതാക്കി ലളിതമാക്കേണ്ടതുണ്ടെന്ന് ധനമന്ത്രി ഒരു പരിപാടിയിൽ ഊന്നിപ്പറഞ്ഞു.

∙ പഴയ നിയമങ്ങൾ പഴങ്കഥയാകുന്നു
പ്രത്യേകിച്ച് യുഎഇയിലെ പ്രവാസികൾക്കിടയിൽ നിലവിലെ നികുതി രഹിത സ്വർണാഭരണ പരിധി കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാണ്. 2016-ൽ നിശ്ചയിച്ച ഈ പരിധി ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ളതല്ലെന്നാണ് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ഇതുസംബന്ധിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ  മന്ത്രി നിർമല സീതാരാമന് നിവേദനം നൽകിയിരുന്നു.

ഇന്ത്യയിൽ സ്വർണവില ഗ്രാമിന് 13,000 രൂപയ്ക്ക് അടുത്തും ദുബായിൽ ഏകദേശം 508 ദിർഹവും ആയിരിക്കുമ്പോൾ, 2016-ൽ നിശ്ചയിച്ച പരിധി അപ്രസക്തമായി. നിലവിൽ, പുരുഷന്മാർക്ക് 20 ഗ്രാം (50,000 രൂപ), സ്ത്രീകൾക്ക് 40 ഗ്രാം (1 ലക്ഷം രൂപ) എന്നിങ്ങനെയാണ് നികുതി രഹിതമായി കൊണ്ടുവരാൻ അനുവദിച്ചിട്ടുള്ളത്. സ്വർണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് ഈ മൂല്യം വളരെ കുറഞ്ഞ തൂക്കത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ.

പണിക്കൂലി കൂടി കണക്കിലെടുക്കുമ്പോൾ, ഈ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ യഥാർഥ അളവ് ഏകദേശം 70% വരെ കുറയുന്നു. ഇത് സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കാരണമാകുന്നു. വിനോദസഞ്ചാരത്തെയും ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങു’കളെയും പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് നിലവിലെ നിയമങ്ങൾ വിഘാതമാണെന്നും പ്രവാസികൾ പറയുന്നു.

∙ പരിശോധനകൾ ആശങ്കയാകുമ്പോൾ
അനാവശ്യ ചോദ്യം ചെയ്യലുകളും വിമാനത്താവളങ്ങളിലെ പരിശോധന മൂലമുള്ള മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യക്തവും പ്രായോഗികവുമായ പുതിയ മാർഗനിർദ്ദേശങ്ങൾക്കായി യുഎഇയിലെ പ്രവാസി സംഘടനകൾ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തിൽ തനിക്കുണ്ടായ അനുഭവം ദുബായിലെ താമസക്കാർ പങ്കുവയ്ക്കാറുണ്ട്. എപ്പോൾ ഇന്ത്യൻ വിമാനത്താവളത്തിലൂടെ പോകുമ്പോഴും തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാറുണ്ടെന്നാണ് ഒരു പ്രവാസിയുടെ പരാതി. അടുത്തിടെ മുംബൈയിൽ  കൈയിലുണ്ടായിരുന്ന ബ്രേസ്ലെറ്റും ഡയമണ്ട് വളകളും ശ്രദ്ധയിൽപ്പെട്ട വനിതാ ഉദ്യോഗസ്ഥ തന്നെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും അത് ൻ്റേതാണെന്ന് തെളിയിക്കാൻ പഴയ ഫോട്ടോകൾ വരെ ആവശ്യപ്പെടുകയും ചെയ്തതായി പ്രവാസി വനിത പരാതിപ്പെട്ടു.

വെറും വേഷവിധാനത്തിനനുസരിച്ച് അണിഞ്ഞ ആഭരണങ്ങൾക്ക് പോലും 45 മിനിറ്റ് ചോദ്യം ചെയ്യലിന് വിധേയയായ ഒരു പ്രവാസിയുടെ അനുഭവവും   എടുത്തുപറയുന്നു. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ, കുടുംബ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്ന യുഎഇ പ്രവാസികളിൽ പലരും സ്വർണം കൊണ്ടുപോകാൻ മടിക്കുകയാണ്.

സാംസ്കാരികപരമായ പ്രാധാന്യമുള്ള ആഭരണങ്ങളുമായി യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഈ ആശങ്ക, നാട്ടിലേക്കുള്ള യാത്രയുടെ സന്തോഷം ഇല്ലാതാക്കുകയാണെന്ന് പ്രവാസികൾ അഭിപ്രായപ്പെട്ടു. ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായാൽ വിമാനത്താവളങ്ങളിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് വലിയ തോതിൽ ആശ്വാസമാകും. സ്വർണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ പ്രവാസികൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.