തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പതിനാല് വയസുകാരിയെ മർദിച്ച കേസിൽ പിതാവ് പ്രബോദ് ചന്ദ്രൻ പൊലീസ് കസ്റ്റഡിയിൽ. മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്. കുട്ടിയുടെ മൊഴിയുടെ അടസ്ഥാനത്തിലാണ് കേസ്. ഭാര്യയെ മർദിച്ചതിനും കേസെടുത്തിട്ടുണ്ട്.
പിതാവിന്റെ ക്രൂരമർദനം സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പിതാവ് വീട്ടിൽ പൂട്ടിയിട്ട് തല്ലുമായിരുന്നെന്നും രാത്രിയിൽ വീടിന് പുറത്താക്കുമായിരുന്നെന്നും കുട്ടി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
ഭർത്താവായ പ്രബോദ് ചന്ദ്രനെതിരെ ഭാര്യ സംഗീത നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. പഠിക്കാൻ അനുവദിക്കാതെ പിതാവ് പാഠപുസ്തകങ്ങൾ വലിച്ചുകീറിയതായും ചൈൽഡ് ലൈൻ ഇടപെട്ടിട്ടും മദ്യപിച്ച് മർദനം തുടർന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.
അച്ഛൻ അർധരാത്രിയിൽവരെ തന്നെ തല്ലി വീടിന് പുറത്താക്കിയിട്ടുണ്ടെന്നും റോഡിലും കടയുടെ വരാന്തയിലും കിടന്നുറങ്ങിയിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു. പിടിച്ചു നിൽക്കാൻ പറ്റില്ല. അത്രയേറെ മർദിക്കും. കൊല്ലുമെന്ന് എപ്പോഴും ഭീഷണിപ്പെടുത്തും. എന്തിനാണ് ജീവിക്കുന്നത് എവിടെയെങ്കിലും പോയി ചത്തൂടെ എന്ന് പറയുമെന്നെല്ലാം പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയ കുട്ടിയെ പിതാവ് വീണ്ടും മർദിച്ചു. മുഖത്തടക്കം പരിക്കേറ്റ കുട്ടി ബാത്ത്‌റൂമിൽ കയറി ക്ലീനിങിനുപയോഗിക്കുന്ന ദ്രാവകം കുടിക്കുകയായിരുന്നു. ഗുരുതര നിലയിലായ കുട്ടിയെ പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
…
