തിരുവനന്തപുരം: ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തിയ മലപ്പുറം സ്വദേശികളാണ് ഇറാനില്‍ കുടുങ്ങിയിരിക്കുന്നത്. യുദ്ധം തുടങ്ങും മുന്‍പാണ് ഇവര്‍ ടെഹ്‌റാനില്‍ എത്തിയത്. ഇവര്‍ ഹോട്ടലില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.
മലപ്പുറംകാരായ അഫ്‌സല്‍ എന്നയാള്‍ ബന്ധപ്പെട്ടിരുന്നതായി നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്കായി, സംഘര്‍ഷം ആരംഭിക്കുന്നതിനുമുന്‍പ് ടെഹ്‌റാനില്‍ എത്തിയതായിരുന്നു ഇവര്‍. ഇവര്‍ ഹോട്ടലില്‍ തുടരുകയാണ്. എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും നോര്‍ക്ക ഉദ്യോഗസ്ഥര്‍ അറിയിച്ചു. പത്തുപേരില്‍ താഴെയുള്ള സംഘമാണിത്.
അതിനിടെ, ഇന്ത്യക്കാരായ വിദ്യാര്‍ഥികളെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതിന് സഹകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് സഹകരിക്കുമെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി. ആകാശ പാത അടച്ചിരിക്കുകയാണെങ്കിലും ഇന്ത്യക്കാരെ കരമാര്‍ഗം ഒഴിപ്പിക്കാനാകുമെന്ന് ഇറാന്‍ അറിയിച്ചു. അതിര്‍ത്തികളിലൂടെ ഇവരെ മറ്റു രാജ്യങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് എല്ലാ സഹകരണവും ഉണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എംബസിയുടെ സൗകര്യത്തോടെ വിദ്യാര്‍ഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി.
1,500 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നയതന്ത്ര തലത്തിലുള്ള ശ്രമങ്ങള്‍ വൈകാതെ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.