200 യുദ്ധവിമാനങ്ങള്‍, 100 കേന്ദ്രങ്ങള്‍; മണിക്കൂറുകളോളം നീണ്ട ആക്രമണം;വിവരിച്ച് ഇസ്റാഈൽ

0
1010

ഇറാന്‍റെ ‘ആണവ ഹൃദയം’ ആക്രമിച്ചെന്ന് അവകാശവാദം, നഥാന്‍സില്‍ ബോംബ് വീണപ്പോഴും സുരക്ഷിതമായി ഫോർഡോ! ഇസ്റാഈൽ ലക്ഷ്യം നിറവേറിയോ?

ടെല്‍ അവീവ്: വര്‍ഷങ്ങളുടെ തയ്യാറെടുപ്പകള്‍ക്ക് ശേഷമാണ് ഇറാനുനേരെ വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കി ഇസ്രയേല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ 200 യുദ്ധ വിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. 100 കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ബോംബുകളും മിസൈലുകളുമടക്കം 330 ആയുധങ്ങള്‍ പ്രയോഗിച്ചതായും അവര്‍ അവകാശപ്പെട്ടു.

ഇറാന്റെ ആണവ പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ക്കൊടുവിലാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്. ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടി ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നതാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനില്‍ നിലവില്‍ 15 ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധസേന പറയുന്നു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും ആണവ പദ്ധതികളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്ന് നെതന്യാഹുവും പറഞ്ഞു.

ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ ഉന്നത സൈനികരും നിരവധി ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.

സ്വയം പ്രതിരോധിക്കുന്നതിന് ഇസ്രയേലിന് ഇറാനെ ആക്രമിക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നുവെന്നാണ് നെതന്യാഹു പറയുന്നത്. ആണവായുധം നിര്‍മിക്കാന്‍ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

‘ഇറാന്‍ ഭരണകൂടം പതിറ്റാണ്ടുകളായി ആണവായുധം സ്വന്തമാക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ്. ലോകം അത് തടയാന്‍ സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും ശ്രമിച്ചിട്ടുണ്ട്, പക്ഷേ ഇറാന്‍ ഭരണകൂടം നിര്‍ത്താന്‍ വിസമ്മതിച്ചു’ ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

പുലര്‍ച്ചെ മൂന്ന് മണിയോടെ ആരംഭിച്ച ആക്രമണം മണിക്കൂറുകളോളം നീണ്ടുനിന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. മൂന്ന് മണിക്ക് തൊട്ടുമുമ്പായി ഇറാഖിനു മുകളിലായി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചയാണ് റിപ്പോര്‍ട്ടുകള്‍. ഈ ഘട്ടത്തില്‍ ഇസ്രയേലിലുടനീളം സൈറണുകള്‍ മുഴങ്ങിയിരുന്നുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വലിയ ആക്രമണം നടക്കുന്നുണ്ടെന്നും ഇറാനില്‍ നിന്നുള്ള പ്രത്യാക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇസ്രായേലികളുടെ ഫോണുകളില്‍ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും നിര്‍ദേശങ്ങള്‍ ലഭിച്ചു.

ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നെതന്യാഹു മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ക്കുകയും ഇസ്രായേല്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്തു. പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.