ഇന്ത്യക്കാർക്ക് സഊദി അറേബ്യയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന തരത്തിലുള്ള വാർത്തകള്‍ കഴിഞ്ഞ ദിവസം മുതലായിരുന്നു പുറത്ത് വന്നത്. ഇന്ത്യ ഉള്‍പ്പെടേയുള്ള 14 രാജ്യങ്ങള്‍ക്ക് സഊദി അറേബ്യ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയെന്നായിരുന്നു വാർത്ത. ഇതോടെ മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ വലിയ ആശങ്കയിലായി. എന്നാല്‍ ഇപ്പോഴിതാ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത പുറത്ത് വരികയാണ്.
ഇന്ത്യക്കാർക്ക് സഊദി അറേബ്യയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ഇന്ത്യൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട് താൽക്കാലികമായി ചില ഹ്രസ്വകാല വിസകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യക്കാർക്ക് മൊത്തത്തിലുള്ള യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ഈ നിയന്ത്രണങ്ങൾ ഹജ്ജ് സീസൺ അവസാനിക്കുന്നതോടെ പിൻവലിക്കപ്പെടുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഹജ്ജുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൊത്തത്തിലുള്ള യാത്രാ വിലക്കായി തെറ്റിദ്ധരിക്കപ്പെട്ടതാണ് അഭ്യൂഹങ്ങൾക്ക് കാരണമെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ഹജ്ജ് സീസണിൽ തിരക്ക് ഒഴിവാക്കാൻ, സൗദി അറേബ്യ ഹ്രസ്വകാല വിസകളായ ബ്ലോക്ക് വർക്ക് വിസ, ഇ-വിസ, ഫാമിലി വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ എന്നിവ താൽക്കാലികമായി നിർത്തിവെക്കുന്നത് പതിവുള്ള കാര്യമാണ്.
ഇന്ത്യക്ക് ഏതെങ്കിലും തരത്തിലുള്ള വിലക്കുകള്‍ സൗദി അറേബ്യ ഏർപ്പെടുത്തുകയാണെങ്കില്‍ അത് വലിയ രീതിയിലുള്ള പ്രതികരണങ്ങള്‍ക്ക് ഇടയാക്കുമെന്നതില്‍ സംശയമില്ല. പരമ്പരാഗതമായി തന്നെ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ശക്തമായ ബന്ധമാണ് വെച്ചു പുലർത്തുന്നത്. സൗദി അറേബ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശ സമൂഹം ഇന്ത്യക്കാരാണ്, ഇതില്‍ തന്നെ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരും.
വ്യാപാര രംഗത്തും സൗദി അറേബ്യയും ഇന്ത്യയും ശക്തമായ ബന്ധം വെച്ചുപുലർത്തുന്നു. 2023-24ൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 42.98 ബില്യൺ ഡോളറായിരുന്നു. ഇന്ത്യയുടെ കയറ്റുമതി 11.56 ബില്യൺ ഡോളറും ഇറക്കുമതി 31.42 ബില്യൺ ഡോളറും. സൗദി അറേബ്യയിലേക്കുള്ള ഇന്ത്യൻ നിക്ഷേപം 3 ബില്യൺ ഡോളറിലെത്തിയപ്പോൾ, സൗദിയിൽ നിന്നുള്ള നിക്ഷേപം 10 ബില്യൺ ഡോളറിലേക്കുമെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഏപ്രിൽ 22-ന് ജിദ്ദയിൽ നടത്തിയ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗവുമായിരുന്നു. സന്ദർശനത്തിന്റെ ഭാഗമായി തീരുമാനിച്ച 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനായി സൗദി അറേബ്യക്ക് പ്രത്യേക ഇളവും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലേക്ക് ദീർഘകാല മൂലധന നിക്ഷേപം ആകർഷിക്കുന്നതിനും ഇന്ത്യ-സൗദി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയുമെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യക്ക് ഇളവ് നല്‍കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. മോദിയുടെ സൗദി സന്ദർശനത്തില്‍ ഇരു രാജ്യങ്ങളും ഊർജ്ജം, അടിസ്ഥാന സൗകര്യം, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ധാരണയിലുമെത്തിയിരുന്നു.