നിയമനടപടി ആരംഭിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ക്ക് നോട്ടീസ് നൽകി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും കായിക മന്ത്രി വി. അബ്ദുറഹിമാനും ഏറെ കൊട്ടിഘോഷിച്ച അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് പ്രതിസന്ധിയില്‍. അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്‌പോണ്‍സര്‍ കരാര്‍ തുക അടയ്ക്കാത്തതാണു കാരണം. ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്‌പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) പണം അടച്ചിട്ടില്ല.
ഇതോടെ നിയമനടപടി ആരംഭിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒക്ടോബറില്‍ അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്നാണ് നേരത്തേ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അടക്കമുള്ളവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ടിവൈസി സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ ചൈനയിലാണ് ടീം സൗഹൃദമത്സരങ്ങള്‍ കളിക്കുന്നത്. മെസ്സിയുടെ വരവ് പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഒക്ടോബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം ചൈനയില്‍ രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്നാണ് ടിവൈസി സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മത്സരം ചൈനയ്ക്കെതിരേയും രണ്ടാമത്തേത് ജപ്പാന്‍, റഷ്യ, ദക്ഷിണ കൊറിയ എന്നിവയില്‍ ഒരു ടീമുമായും കളിക്കും. ടിവൈസി ജേണലിസ്റ്റായ ഗാസ്റ്റണ്‍ എഡ്യുള്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. അര്‍ജന്റീന ഫുട്ബോള്‍ ടീമുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ടുചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗാസ്റ്റണ്‍. നവംബറിലും അര്‍ജന്റീന രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കും.
അര്‍ജന്റീനാ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്നും കഴിഞ്ഞവര്‍ഷം നവംബറിലാണ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചത്. ഇക്കാര്യം പിന്നീട് സ്പോണ്‍സര്‍മാരായ എച്ച്എസ്ബിസി. സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എച്ച്എസ്ബിസിയാണ് അര്‍ജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്പോണ്‍സര്‍മാര്‍. മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം 2025 ഒക്ടോബറില്‍ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദര്‍ശന മത്സരം കളിക്കുമെന്നാണ് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അര്‍ജന്റീന കേരളത്തില്‍ കളിക്കാനുള്ള സാധ്യത കുറവാണ്.
കേരളത്തിലെത്താമെന്ന് അര്‍ജന്റീനാ ഫുട്ബോള്‍ അസോസിയേഷന്‍, കേരള കായികമന്ത്രിയുടെ ഓഫീസിനെ ഇ-മെയിലിലൂടെ അറിയിച്ചതായും പറഞ്ഞിരുന്നു. വലിയതുക ചെലവ് വരുന്ന മത്സരം നടത്താന്‍ കായികവകുപ്പ് ശ്രമംതുടങ്ങിതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരനടത്തിപ്പിനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയതായും പറഞ്ഞിരുന്നു. മത്സര നടത്തിപ്പിനായി ഭീമമായ തുക ആവശ്യം വരുമെന്നും നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെന്നുമാണ് അറിയിച്ചിരുന്നത്. സ്‌പോണ്‍സര്‍ വഴിയാകും ഈ തുക കണ്ടെത്തുകയെന്നും സ്പോണ്‍സര്‍മാരുടെ കാര്യത്തിലും ധാരണയായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വി. അബ്ദുറഹിമാന്‍ തന്നെ നേരിട്ട് വ്യക്തമാക്കിയിരുന്നു.