ജയ്പൂര്‍: രാജസ്ഥാനിലെ സവായ് മധോപൂരിൽ ഖനന മാഫിയയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാനെത്തിയ ഡിഎസ്‍പിയുടെ വാഹനം കത്തിച്ചു. ചൗത്ത് കാ ബർവാര പ്രദേശത്തെത്തിയ ലാഭുറാം വിഷ്‌ണോയിയുടെ വാഹനമാണ് ഖനന മാഫിയാ സംഘം കത്തിച്ചത്.
വ്യാഴാഴ്ച രാത്രി അനധികൃത മണൽ ഖനനം നടക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പൊലീസ് ബനാസ് നദി പ്രദേശത്ത് എത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. നിയമവിരുദ്ധ പ്രവൃത്തി തടയാൻ പൊലീസ് ശ്രമിച്ചപ്പോൾ, അനധികൃത മണൽ ഖനനക്കാർ അവരെ ആക്രമിക്കുകയും കല്ലെറിയാൻ തുടങ്ങുകയും ചെയ്തു. ഈ സംഘര്‍ഷത്തിനിടയിൽ പെട്ട് ഒരു ട്രാക്ടര്‍ ഡ്രൈവര്‍ മരിക്കുകയും ഡിഎസ്പിയുടെ വാഹനം അക്രമികൾ കത്തിക്കുകയും ചെയ്തു.
സ്റ്റേഷൻ ഹൗസ് ഓഫീസർ സുമൻ കുമാർ സംഭവം സ്ഥിരീകരിച്ചു. ബുണ്ടി നിവാസിയായ സർഗ്യാൻ മീനയാണ് മരിച്ചത്. ഡിഎസ്പി വിഷ്ണോയ് ഇരുമ്പ് വടി ഉപയോഗിച്ച് സുർഗ്യനെ ആക്രമിച്ചതാണ് ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും സഹോദരൻ രാംപ്രസാദ് മീണ ആരോപിച്ചു.
സുര്‍ഗ്യൻ മരിച്ച വിവരം കുടുംബത്തെ അറിയിച്ചില്ലെന്നും മൃതദേഹം സവായ് മധോപൂർ മോർച്ചറിയിലേക്ക് രഹസ്യമായി അയച്ചുവെന്നും രാംപ്രസാദ് കൂട്ടിച്ചേര്‍ത്തു. ഡിഎസ്പിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ ചൗത്ത് കാ ബർവാര പൊലീസ് സ്റ്റേഷന് പുറത്ത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി.നീതി ലഭിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഗ്രാമവാസികൾ മുന്നറിയിപ്പ് നൽകി.
മാഫിയക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയവർ ആരായാലും, അവരുടെ സ്ഥാനം പരിഗണിക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് (എസ്പി) മംമ്ത ഗുപ്ത പറഞ്ഞു. റെയ്ഡ് സമയത്ത് മൈനിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരു സംഘവും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. അന്വേഷണം പുരോഗമിക്കുകയാണ്, മേഖലയിൽ സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണ്.