ഗാന്ധിനഗർ: ബിരുദദാന ചടങ്ങിനിടെ ഉണ്ടായ തർക്കത്തിന്‍റെ പേരിൽ ജൂനിയർ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ഗുജറാത്ത് ഭാവ്നഗർ ഗവൺമെന്‍റ് മെഡിക്കൽ കോളജിലാണ് സംഭവം. 2019 ബാച്ചിന്‍റെ ബിരുദദാന ചടങ്ങിനിടെ വിദ്യാർഥികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
രണ്ട് ദിവസം മുമ്പാണ് മൂന്ന് ജൂനിയർസിനെ ഡോ. മിലാൻ, ഡോ. പിയൂഷ്, ഡോ. മാൻ, ഡോ. നരേൻ എന്നിവർ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മർദിച്ചത്. തുടർന്ന് ജൂനിയർ വിദ്യാർഥികൾ പൊലീസിലും കോളജിലെ ആന്‍റി റാഗിങ് കമ്മിറ്റിയിലും പരാതി നൽകി. പരാതിയെ തുടർന്ന് നാല് സീനിയർ ഡോക്ടർമാരെയും സസ്പെൻഡ് ചെയ്തു.
11 അംഗങ്ങൾ അടങ്ങുന്ന ആന്‍റി റാഗിങ് കമ്മിറ്റി വിഷയം പുനഃപരിശോധിക്കാൻ യോഗം ചേർന്നതായി കോളേജ് ഡീൻ ഡോ. സുശീൽ കുമാർ പറഞ്ഞു. ആക്രമണം റാഗിങ് കേസായി പരിഗണിച്ച് നാല് സീനിയർ ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്യാനും അവരുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഒരു വിദ്യാർഥി മറ്റൊരു വിദ്യാർഥിയെ ശാരീരികമായി ആക്രമിച്ചാൽ അത് റാഗിങിന്‍റെ പരിധിയിൽ വരുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.