ബെംഗളൂരു: ഭാര്യ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ അന്യായമായി ജയിലിലടക്കപ്പെട്ട ബാങ്ക് ജീവനക്കാരന് 11 വർഷത്തിന് ശേഷം നീതി. ശാസ്ത്രീയ തെളിവുകളിലൂടെ യഥാർത്ഥ പ്രതികളെ പിടിച്ചതോടെയാണ് കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ നിയമപോരാട്ടത്തിന് അന്ത്യമാകുന്നത്.
കോൾ ഡീറ്റെയിൽ വിവരങ്ങളും ബ്രെയിൻ മാപ്പിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. യുവതിയുടെ ഭർത്താവ് ജോലി ചെയ്തിരുന്ന ബാങ്കിന്റെ മുൻ മാനേജർ നരസിംഹമൂർത്തി, സുഹൃത്തുക്കളായ ദീപക് ചന്നപ്പ, ഹരിപ്രസാദ് എന്നിവരാണ് കുറ്റകൃത്യം നടത്തിയത്.
2013 ലാണ് ബാങ്ക് ജീവനക്കാരന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 43 കാരിയായ യുവതി ഒരു റിസർച്ച് സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. 2013 ഫെബ്രുവരി 12 ന് ജോലി കഴിഞ്ഞ് യുവതി മടങ്ങി എത്താതിരുന്നതോടെ ഭർത്താവ് യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നാലെ ഭർത്താവ് യുവതിയെ കാണാതായതായി ലോക്കൽ പോലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫെബ്രുവരി 16 ന്, ബെംഗളൂരു-ദൊഡ്ഡബല്ലാപൂർ ഹൈവേയിലെ യൂക്കാലിപ്റ്റസ് തോട്ടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പിന്നാലെയാണ് പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. ഇരുവർക്കും ഒരു മകളും ഉണ്ട്.
യുവതിയുടെ വീട് പരിശോധിച്ചപ്പോൾ തറയിൽ രക്തം കണ്ടെത്തിയെന്നായിരുന്നു പോലീസിന്റെ അവകാശവാദം. ഇത് കൊല്ലപ്പെട്ട യുവതിയുടേതാണെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകക്കുറ്റം ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ വീട്ടിൽ വെച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചുവെന്നായിരുന്നു പൊലീസ് ഭാഷ്യം.
73 ദിവസം ജയിലിൽ കഴിഞ്ഞ ഇയാൾ തെളിവുകൾ ഇല്ലാത്തതിനാൽ പുറത്ത് ഇറങ്ങുകയായിരുന്നു. പിന്നീടും പല തവണ ഇയാളെയും മകളെയും പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവിൽ, കേസ് അവസാനിപ്പിച്ചതായി പോലീസ് ക്ലോഷർ റിപ്പോർട്ട് നൽകുകയും ചെയ്തു.
എന്നാൽ പിന്മാറാൻ തയ്യാറല്ലാത്ത യുവതിയുടെ ഭർത്താവ്, പുനരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം കർണാടക ഹൈക്കോടതിയെ സമീപിച്ചു. കൂടാതെ തന്നെ തെറ്റായി അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതിന് പോലീസിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കേസ് ഏറ്റെടുക്കാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് (സിഐഡി) കോടതി നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോൾ ഡീറ്റെയിൽ രേഖകളിൽ സംശയാസ്പദമായ വിവരങ്ങൾ കണ്ടെത്തിയതാണ് പ്രതികളെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.