Friday, 14 February - 2025

തെലങ്കാന കോണ്‍ഗ്രസിൽ വിമതനീക്കം; 10 MLA-മാരുടെ രഹസ്യയോഗം, മന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് രേവന്ത്

ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസിനുള്ളില്‍ വിമതനീക്കം. പത്ത് എം.എല്‍.എമാര്‍ രഹസ്യയോഗം ചേര്‍ന്നു. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നടന്ന എം.എല്‍.എമാരുടെ രഹസ്യയോഗം പാര്‍ട്ടി നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. എം.എല്‍.എ. അനിരുദ്ധ് റെഡ്ഡിയുടെ ഹൈദരാബാദിന് സമീപത്തെ ഗാംടിപേട്ടിലെ ഫാംഹൗസിലായിരുന്നു എം.എല്‍.എമാരുടെ രഹസ്യയോഗം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

എം.എല്‍.എമാരായ നളിനി രാജേന്ദര്‍ റെഡ്ഡി, ഭൂപതി റെഡ്ഡി, യെന്നം ശ്രീനിവാസ് റെഡ്ഡി, മുരളി നായിക്, കുച്ചകുല്ല രാജേഷ് റെഡ്ഡി, സഞ്ജീവ് റെഡ്ഡി, അനിരുദ്ധ് റെഡ്ഡി, ലക്ഷ്മി കാന്ത റാവു, ദോന്തി മാധവ റെഡ്ഡി, ബീര്‍ല ഇലയ്യ എന്നിവരാണ് രഹസ്യയോഗം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് മന്ത്രിമാരുടെ നടപടികള്‍ക്കെതിരായ പ്രതിഷേധമാണ് എം.എല്‍.എമാരുടെ രഹസ്യയോഗത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പാസാക്കാന്‍ മന്ത്രിമാര്‍ കൈക്കൂലി ആവശ്യപ്പെടുന്നവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി പൊംഗുലേടി ശ്രീനിവാസ് റെഡ്ഡിയ്‌ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയാണ് പുകഞ്ഞുകൊണ്ടിരിക്കുന്നത്.

മന്ത്രിമാര്‍ക്കെതിരേ അതൃപ്തി കടുക്കുന്ന പശ്ചാത്തലത്തില്‍ പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി മന്ത്രിസഭാംഗങ്ങളുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുകയാണെന്നാണ് വിവരം. എം.എല്‍.എമാരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ എല്ലാ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

അതേസമയം, രഹസ്യയോഗമല്ല വെറും അത്താഴവിരുന്ന് മാത്രമാണ് നടന്നതെന്ന് നഗര്‍കുര്‍ണൂല്‍ എം.പി. മല്ലു രവി പറഞ്ഞു. പ്രതിപക്ഷം വിഷയം വഷളാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല, യോഗം നടന്നത് ഫാംഹൗസില്‍ അല്ല, ഐ.ടി.സി. കോഹിനൂറിലാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

Most Popular

error: