സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമാകുന്ന തുകയില്‍ രണ്ടിരട്ടി വര്‍ധനവ്. 2024 ല്‍ മാത്രം 760 കോടി രൂപയില്‍ അധികമാണ് സംസ്ഥാനത്ത് നിന്ന് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തുക നഷ്ടമായത്. 163 കോടി 70 ലക്ഷം രൂപയാണ് ജില്ലയില്‍ നഷ്ടമായത്. തിരുവനന്തപുരത്ത് നിന്ന് 119 കോടി രൂപയാണ് തട്ടിയെടുത്തത്.
തൃശൂരില്‍ 82 കോടി, കോഴിക്കോട് 61 കോടി, മലപ്പുറം 54 കോടി രൂപ എന്നിങ്ങനെയാണ് പണം നഷ്ടപ്പെട്ടത്. ഈ അഞ്ച് ജില്ലകളിലാണ് 50 കോടിയിലധികം രൂപ നഷ്ടപ്പെട്ടത്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് 100 കോടിക്ക് മുകളില്‍ തുക നഷ്ടമായത്. നഷ്ടമായ തുക തിരിച്ചുപടിക്കാനുള്ള നടപടികളും അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട്.
2023നെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികം തുകയാണ് 2024ല്‍ നഷ്ടമായത്. 2022 മുതലാണ് സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടുന്നത് പ്രത്യേകം കണക്കാക്കുകയും അതില്‍ പ്രത്യേകം വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം ആരംഭിച്ചത്.
മൂന്ന് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 1000 കോടിയിലധികം രൂപയാണ് സംസ്ഥാനത്ത് നിന്ന് നഷ്ടപ്പെട്ടിട്ടുള്ളത്. അതില്‍ 2022ല്‍ 45 കോടി രൂപയായിരുന്നു നഷ്ടപ്പെട്ടതെങ്കില്‍ 2023ല്‍ അത് 201 കോടിയായി ഉയര്‍ന്നു. 2024 എത്തുമ്പോഴേക്കും അത് 760 കോടി എന്ന വലിയ വര്‍ധനവിലേക്ക് മാറി.
വ്യക്തികള്‍ക്ക് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരിമിതമായ അറിവ് അടക്കം ചൂഷണം ചെയ്തുകൊണ്ടാണ് വലിയ തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും ശബ്ദം മാസ്‌ക് ചെയ്തുകൊണ്ട് അടുത്ത ബന്ധുക്കളാരെങ്കിലുമാണെന്ന തരത്തിലുള്ള ശബ്ദ സന്ദേശങ്ങള്‍ വിശ്വസിച്ചായിരിക്കും തട്ടിപ്പ് സംഘങ്ങള്‍ക്ക് പണം നല്‍കുക. ഇതിന് പുറമെ ഡിജിറ്റല്‍ അറസ്റ്റ് വഴിയും പണം നഷ്ടപ്പെടുന്നുണ്ട്.