തൃശൂര്‍: വാടാനപ്പള്ളി സംസ്ഥാന പാതയില്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞ് സ്വകാര്യ ബസ്സുകള്‍. തെറ്റായ ദിശയില്‍ കയറിയാണ് രണ്ടു സ്വകാര്യബസുകള്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞത്. അഞ്ച് മിനിറ്റിലധികം സമയം രോഗിയുമായി ആംബുലന്‍സ് വഴിയില്‍ കിടന്നു.
ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അന്തിക്കാട് പൊലീസ് വ്യക്തമാക്കി. ഗതാഗതകുരുക്ക് രൂക്ഷമായ കാഞ്ഞാണി സെന്ററില്‍ ശനിയാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം നടന്നത്. പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് സ്വകാര്യ ബസ്സുകള്‍ തടഞ്ഞത്.
സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ ഗൗനിക്കാതെ സ്വകാര്യ ബസുകള്‍ ആംബുലന്‍സിൻ്റെ വഴി തടസ്സപ്പെടുത്തുന്ന നിലയിൽ തെറ്റായ ദിശയിൽ ബസ് കയറ്റി ഇടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.