Friday, 14 February - 2025

ന്യായീകരിക്കാൻ കഴിയാത്ത നടപടി; പി.പി. ദിവ്യയുടെ പ്രസംഗത്തെ വിമർശിച്ച് സി.പി.എം സമ്മേളനം

കണ്ണൂർ: പി.പി. ദിവ്യക്കെതിരെ സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തിൽ രൂക്ഷവിമർശനം. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പി.പി. ദിവ്യയുടെ നടപടി ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ദിവ്യ ക്ഷണിക്കാതെയാണ് എത്തിയതെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്.

സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പറയുന്ന ഭാഗത്താണ് പി.പി. ദിവ്യക്കെതിരെയുള്ള വിമര്‍ശനം.

എന്തുകൊണ്ടാണ് ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്നും അതിലേക്ക് നയിച്ച സാഹചര്യവുമെല്ലാം സെക്രട്ടറി എം.വി. ജയരാജൻ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിലാണ് യാത്രയയപ്പ് പരിപാടിയില്‍ ക്ഷണിക്കാതെ എത്തിയത് ന്യായീകരിക്കാനാവില്ലെന്ന് അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ജില്ല സമ്മേളനത്തിലും ദിവ്യയെ തള്ളിപ്പറഞ്ഞിരുന്നു. ദിവ്യക്ക് വീഴ്ച പറ്റിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പി.പി. ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പറഞ്ഞത് അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമർശനം മാത്രമാണെന്നും അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണെന്നുമായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്റെ ആദ്യ വിലയിരുത്തൽ.

Most Popular

error: