കടുത്തുരുത്തി: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികന്റെ 1.50 കോടി തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈദികന്റെ കയ്യിൽ നിന്നു തട്ടിയെടുത്ത പണം എടിഎമ്മിൽ നിന്നു പിൻവലിച്ച തട്ടിപ്പുസംഘാംഗങ്ങളായ രണ്ടു പേരെയാണ് പൊലീസ് സംഘം പിടികൂടിയത്.
താമരശ്ശേരി പെരുമ്പള്ളി കുന്നത്ത് വീട്ടിൽ മുഹമ്മദ് മിനാജ് (21), ചെറുപ്ലാട് ഷംനാദ് (32) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെനീഷ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോതനല്ലൂർ തൂവാനീസ പ്രാർഥനാലയത്തിലെ അസി.ഡയറക്ടർ ഫാ.ടിനേഷ് കുര്യൻ പിണർക്കയിലിൽ നിന്നാണ് പണം തട്ടിയെടുത്തത്.
ഓൺലൈൻ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭവിഹിതം നൽകാമെന്നു വാഗ്ദാനം ചെയ്താണ് പ്രതികൾ വൈദികനെ കബളിപ്പിച്ചത്. തുടർന്ന് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഭയിലെ പരിചയക്കാരിൽ നിന്നുമായി പണം സ്വരൂപിച്ച് ഒന്നരക്കോടി രൂപ നിക്ഷേപിക്കുകയായിരുന്നു. 2024 നവംബർ മുതൽ ജനുവരി 15 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിനു പിന്നിലെന്നും വിവിധ അക്കൗണ്ടുകളിലേക്കാണു പണം, തട്ടിപ്പുസംഘം വകമാറ്റിയിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ വിവിധ എടിഎമ്മുകളിൽ നിന്ന് എട്ടു തവണയായി 1.40 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയത്. ഈ അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ താമരശ്ശേരി സ്വദേശികളുടെ വിലാസം കണ്ടെത്തുകയായിരുന്നു. എസ്എച്ച്ഒ റെനീഷ് ഇല്ലിക്കൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ.എ. അനീഷ്, സുമൻ പി. മണി, അജീഷ്, അജിത് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത് ഉത്തരേന്ത്യയിലെ തട്ടിപ്പ് സംഘത്തിന്റെ കണ്ണികളാണ് പിടിയിലായ പ്രതികളെന്നു പൊലീസ് പറഞ്ഞു.