Monday, 10 February - 2025

ജനക്കൂട്ടം തെരുവിലിറങ്ങി; കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്

മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവ സ്ത്രീയുടെ ജീവനെടുത്തതിൽ പ്രതിഷേധിച്ച് വൻ ജനക്കൂട്ടം തെരുവിലിറങ്ങി. നാട്ടുകാരുടെ പ്രതിഷേധം കനക്കുന്നതിനിടെ കൊലയാളി കടുവയെ വെടിവെച്ചു കൊല്ലാൻ ജില്ല ഭരണകൂടം ഉത്തരവ് നൽകി.

വെള്ളിയാഴ്ച രാവിലെ മാനന്തവാടിക്കു സമീപമുള്ള പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിലാണ് ആദിവാസി സ്ത്രീയുടെ ജീവൻ നഷ്ടമായത്.

മന്ത്രി ഒ.ആർ. കേളു അടക്കമുള്ളവർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പു​റത്തേക്കെടുക്കാൻ സമ്മതിക്കാതെ പ്രതിഷേധം തുടരുകയാണ് നാട്ടുകാർ. വനംവകുപ്പ് താൽകാലിക വാച്ചർ അച്ചപ്പന്റെ ഭാര്യ രാധ(48)യാണ് മരിച്ചത്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴാണ് രാധയെ കടുവ ആക്രമിച്ചതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.

പ്രദേശത്ത് പരിശോധന നടത്തിയിരുന്ന തണ്ടർബോൾട്ട് സംഘമാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. രാധയെ കടുവ ആക്രമിച്ച ശേഷം വലിച്ചിഴച്ചുവെന്നും പ്രദേശവാസികൾ പറയുന്നു. 10 ദിവസം മുമ്പ് പുൽപ്പള്ളിയിൽ കടുവയെ പിടികൂടിയിരുന്നു. വയനാട്ടിൽ പലയിടത്തും കടുവയുടെ സാന്നിധ്യമുണ്ട്. പല പ്രദേശങ്ങളിലും കടുവയുടെ ആക്രമണം വർധിച്ചിട്ടുമുണ്ട്. ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ എട്ടുപേരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Most Popular

error: