റിയാദ്: അജ്ഞാതർ സിം കാർഡ് എടുത്തതിൻ്റെ പേരിൽ മലയാളി മയക്കുമരുന്ന് കേസിൽ ജയിലിൽ. ദമാമിൽ ജോലി ചെയ്യുന്ന മലയാളിക്കാണ് മറ്റാരോ തൻ്റെ പേരിൽ സിം കാർഡ് എടുത്തത് വിനയായത്. നിരപരാധിയായ ഇദ്ദേഹത്തെ മോചിപ്പിക്കാൻ സാമുഹിക പ്രവർത്തകർ ശ്രമം നടത്തിവരികയാണ്. സിം കാർഡ് ഉപയോഗിച്ച് റിയാദിൽ മയക്കുമരുന്ന് കച്ചവടം നടത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ ജനുവരിയിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷ നൽകിയപ്പോൾ കേസുള്ളതിന്റെ പേരിൽ അപേക്ഷ തള്ളുകയായിരുന്നു. എന്നാൽ എന്താണ് കേസ് എന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് തൻ്റെ പേരിൽ ആരോ സിം കാർഡ് എടുത്തിട്ടുണ്ടെന്നും അതുപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തി പോലീസ് പിടിയിലായിട്ടുണ്ടെന്നും അറിയുന്നത്.
ദമാം പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റിയാദിലേക്ക് അയച്ചു. റിയാദ് പബ്ലിക് പ്രോസിക്യൂഷനിൽ ഹാജറാക്കിയ ഇദ്ദേഹത്തെ ജയിലിലേക്ക് അയക്കുകയായിരുന്നു. രണ്ടു അറബ് വംശജരും ഈ കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടിട്ടുണ്ട്.
ദമാമിലെ സീകോ ഏരിയയിലെ ഒരു കടയിൽ നിന്ന് ഇദ്ദേഹം സൈൻ കമ്പനിയുടെ ഒരു സിം കാർഡ് വാങ്ങിയിരുന്നു. ഇതിന്നായി രണ്ടുമൂന്നു പ്രാവശ്യം വിരലടയാളം വെക്കുകയും ചെയ്തു. ഇതായിരിക്കാം ഇദ്ദേഹത്തിന് കുരുക്കായത്. ഇദ്ദേഹത്തിന്റെ പേരിൽ കടക്കാരൻ മറ്റു സിമ്മുകളും ഈ
സമയത്ത് ഇഷ്യു ചെയ്‌തിട്ടുണ്ടാകാം. ഇദ്ദേഹത്തിന്റെ പേരിലുള്ള സിമ്മുപയോഗിച്ച് കൊക്കെയിൻ കച്ചവടം നടത്തിയെന്നാണ് പബ്ലിക് പ്രോസിക്യൂഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ താൻ റിയാദിലേക്ക് വരികയോ ഇത്തരം ബിസിനസ് നടത്തുകയോ ചെയ്തിട്ടില്ലെന്നും ഈ മൊബൈൽ സിമ്മിനെ കുറിച്ച് തനിക്കറിയില്ലെന്നും താൻ നിരപരാധിയാണെന്നും ഇദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. കുടുംബത്തിന്റെ്റെ ആവശ്യപ്രകാരം ഇന്ത്യൻ എംബസി കേസിലിടപെടാൻ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തിയിരുന്നു. കേസിൽ വാദം തുടരുകയാണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക