Tuesday, 14 January - 2025

വിമാനങ്ങളില്‍ വൈഫൈ സൗകര്യം ലഭ്യമാക്കി എയര്‍ ഇന്ത്യ; ഇന്ത്യയില്‍ ആദ്യമായാണ് വിമാനങ്ങളില്‍ വൈഫൈ സേവനം ലഭിക്കുന്നത്

യാത്രാവിമാനങ്ങളില്‍ വൈഫൈ സൗകര്യം ലഭ്യമാക്കി എയര്‍ ഇന്ത്യ. ഇന്ത്യയില്‍ ആദ്യമായാണ് വിമാനങ്ങളില്‍ വൈഫൈ സേവനം ലഭിക്കുന്നത്. തുടക്കത്തില്‍ എയര്‍ബസ് എ350, ബോയിങ് 787–9 വിമാനങ്ങളിലായിരിക്കും വൈഫൈ കണക്ടിവിറ്റി ലഭ്യമാകുക. രാജ്യാന്തരസര്‍വീസുകളിലും ആഭ്യന്തര സര്‍വീസുകളിലും ഇത് ലഭിക്കും. രാജ്യാന്തരസര്‍വീസുകളില്‍ നടത്തിയ പൈലറ്റ് പദ്ധതി വിജയമായതിനെത്തുടര്‍ന്നാണ് പൂര്‍ണതോതില്‍ സര്‍വീസ് ലോഞ്ച് ചെയ്തത്.

ഇതോടെ എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ350, ബോയിങ് 787–9 എയര്‍ക്രാഫ്റ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സ്മാര്‍ട് ഫോണുകളും ലാപ്‍ടോപ്പുകളും ടാബ്‍ലറ്റുകളും വൈഫൈയില്‍ കണക്ട് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലും ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലും വൈഫൈ കണക്ട് ചെയ്യാം. വിമാനം പതിനായിരം അടിക്ക് മുകളില്‍ പറക്കുമ്പോള്‍ മാത്രമേ വൈഫൈ കണക്ഷന്‍ അനുവദിക്കൂ.

ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ്, സിംഗപ്പൂര്‍ റൂട്ടുകളിലാണ് വൈഫ് പൈലറ്റ് പദ്ധതി നടപ്പാക്കിയത്. വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകളായി എയര്‍ബസ് എ350, എയര്‍ബസ് എ321 നിയോ, ബോയിങ് ബി787-9 എയര്‍ക്രാഫ്റ്റുകളിലായിരുന്നു തുടക്കം. ആഭ്യന്തരസര്‍വീസുകളില്‍ തുടക്കത്തില്‍ വൈഫൈ സേവനം സൗജന്യമായിരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ക്രമേണ എല്ലാ വിമാനങ്ങളിലും വൈഫൈ സേവനം ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി.

Most Popular

error: