Tuesday, 21 January - 2025

283 ആളുകളുമായി പറന്ന വിമാനം പെട്ടെന്ന് തിരിച്ചുവിട്ടു; അടിയന്തര സാഹചര്യം, കോക്പിറ്റിൽ പുക

സിയാറ്റിൽ: പറന്നുയര്‍ന്ന വിമാനം കോക്പിറ്റില്‍ പുക ഉയര്‍ന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരിച്ചുവിട്ടു. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനവായ ഹവായിയുടെ തലസ്ഥാനമായ ഹോണോലുലുവിലേക്ക് പുറപ്പെട്ട ഹവായിയാൻ എയര്‍ലൈന്‍സിന്‍റെ വിമാനമാണ് സിയാറ്റിലിലേക്ക് തിരികെ പറന്നത്. വിമാനത്തിന്‍റെ കോക്പിറ്റില്‍ പുക ഉയര്‍ന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് എയര്‍ബസ്  എ330 സിയാറ്റില്‍ ടാകോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. 273 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഹോണോലുലുവിലെ ഡാനിയേല്‍ കെ ഇനോയി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നതാണ്. തുടര്‍ന്ന് കോക്പിറ്റില്‍ പുക കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്ന് ഹവായിയന്‍ എയര്‍ലൈന്‍സ് വക്താവ് മാരിസ്സ വില്ലേഗാസ് പറഞ്ഞു.

സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷൻ  അന്വേഷണം തുടങ്ങി. ക്യാപ്റ്റന്‍ അടിയന്തര സാഹചര്യം റിപ്പോര്‍ട്ട് ചെയ്തതോടെ തിരികെ സിയാറ്റില്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ അഗ്നിശമന സേനയും മെഡിക്കല്‍ സംഘവും വിമാനത്തിന് സമീപമെത്തി. മുന്‍കരുതലെന്ന നിലയില്‍ ഉടന്‍ തന്നെ യാത്രക്കാരെയെല്ലാം വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. തുടര്‍ന്ന് പോര്‍ട്ട് ഓഫ് സിയാറ്റില്‍ ഫയര്‍ വിഭാഗം വിമാനത്തില്‍ പരിശോധന നടത്തി. എന്നാല്‍ അപ്പോള്‍ പുകയോ മണമോ കണ്ടെത്താനായില്ലെന്ന് വിമാനത്താവള വക്താവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Most Popular

error: