Tuesday, 21 January - 2025

113 കോടിയുടെ ആഭരണങ്ങളും ബാഗുകളും മോഷ്ണം പോയി; വിവരം നല്‍കിയാല്‍ 5 കോടി പാരിതോഷികം

113 കോടിയുടെ ആഭരണങ്ങളും ബാഗുകളും മോഷ്ടിച്ച് മുങ്ങി
മൂന്നാഴ്ചയായിട്ടും ഇരുട്ടില്‍ത്തപ്പി സ്കോട്‍ലന്‍ഡ് യാര്‍ഡ്
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുടെ വീട്ടില്‍ നിന്ന് 113 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഹാന്‍ഡ് ബാഗുകളും പണവും കവര്‍ന്ന കേസില്‍ കള്ളനെത്തേടി നെട്ടോട്ടമോടി പൊലീസ്. കഴിഞ്ഞമാസം ഏഴിനാണ് ലണ്ടനിലെ വീട്ടില്‍ മോഷണം നടന്നത്. വീട്ടുജോലിക്കാരും ഹൗസ് കീപ്പറും ഉള്ള സമയത്തായിരുന്നു മോഷണം.

ആയുധധാരിയായ കള്ളന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെങ്കിലും കക്ഷിയെക്കുറിച്ച് ഒരു തുമ്പുമില്ല. ഇതോടെയാണ് ഇന്‍ഫ്ലുവന്‍സറായ യുവതിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഭര്‍ത്താവും കള്ളനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചത്. 6,28,000 അമേരിക്കന്‍ ഡോളറാണ് (5,38,74,141 രൂപ) ഇനാം.

10.73 കാരറ്റ് ഡയമണ്ട് മോതിരം, ഡയമണ്ട് കമ്മലുകള്‍, സ്വര്‍ണവും ഡയമണ്ടും സഫയറും പതിച്ച ക്ലിപ്പ്, 1.62 കോടി രൂപ വിലവരുന്ന ഹാന്‍ഡ് ബാഗുകള്‍ തുടങ്ങിയവയും പണവുമാണ് കള്ളന്‍ കൊണ്ടുപോയത്. കള്ളനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തിരിച്ചുകിട്ടുന്ന വസ്തുക്കളുടെ വിലയുടെ 10 ശതമാനം കൂടി നല്‍കുമെന്ന് വീട്ടുമസ്ഥര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വീടിന്‍റെ രണ്ടാംനിലയിലെ ജനല്‍ പൊളിച്ചാണ് കള്ളന്‍ അകത്ത് കയറിയതെന്ന് മെട്രൊപൊളിറ്റന്‍ പൊലീസ് ഡെപ്യൂട്ടി കോണ്‍സ്റ്റബിള്‍ പൗലോ റോബര്‍ട്സ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ കള്ളന്‍ ഒരു വരാന്തയില്‍ക്കൂടി നടന്നുപോകുന്നത് കാണാം. ഇയാള്‍ കടന്നുപോയതിനെ തൊട്ടുപിന്നാലെ വീട്ടുജോലിക്കാരി ലിഫ്റ്റില്‍ കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. ആയുധധാരിയായ മോഷ്ടാവില്‍ നിന്ന് തലനാരിഴയ്ക്കാണ് അവര്‍ രക്ഷപെട്ടതെന്ന് ചുരുക്കം.

ലണ്ടനിലെ അതിസമ്പന്നര്‍ താമസിക്കുന്ന റീജന്‍റ്സ് പാര്‍ക്കിലാണ് മോഷണം നടന്നത്. ഇത്രദിവസമായിട്ടും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിയാതെ വന്നത് ലണ്ടന്‍ പൊലീസിന് നാണക്കേടായി.

Most Popular

error: