Tuesday, 14 January - 2025

നിമിഷപ്രിയയുടെ മോചനത്തിനായി അവസാനവട്ട ശ്രമം; കേണപേക്ഷിച്ച് അമ്മ പ്രേമകുമാരി

കൊച്ചി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാനവട്ട ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് അവിടെ പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം അറിയിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായുള്ള ഒത്തുതീർപ്പു ചർച്ചയിൽ കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു ശേഷം പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ആശ്വാസധനം സ്വീകരിച്ചു നിമിഷയുടെ മോചനത്തിനു തലാലിന്റെ കുടുംബം സമ്മതിക്കേണ്ടതുണ്ട്. രണ്ടു ദിവസത്തിനകം കാര്യങ്ങളിൽ വ്യക്തത വരും.

അതിനിടെ, സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിലിലെ അഭിപ്രായഭിന്നതകൾ നിമിഷയുടെ മോചനത്തിനു വിഘാതമാകാതിരിക്കാനുള്ള ശ്രമങ്ങൾക്കും തുടക്കമായി. രണ്ടു ഘട്ടമായി 40 ലക്ഷത്തോളം രൂപ യെമനിലേക്കു കൈമാറിയെന്നും എന്നാൽ ചർച്ചയുടെ പുരോഗതി സാമുവൽ ജെറോം കൃത്യമായി അറിയിച്ചില്ലെന്നും കൗൺസിൽ അംഗം സുഭാഷ് ചന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചു.

നിമിഷയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് ശരിവച്ച സാഹചര്യത്തിൽ സാമുവൽ ജെറോം അടക്കം ആരുടെ സഹായം സ്വീകരിച്ചും നിമിഷയുടെ ജീവൻ രക്ഷിക്കുകതന്നെയാണു കൗൺസിലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണു യെമൻ പ്രസി‍ഡന്റ് വധശിക്ഷ ശരിവച്ചത്. നിമിഷയുടെ ദയാഹർജി അനുവദിക്കാതെയുള്ള ഈ നടപടിയോടെ ഒരുമാസത്തിനകം വധശിക്ഷ നടപ്പാകുമെന്നതാണു സ്ഥിതി. നിമിഷയുടെ മോചനം സാധ്യമാകാൻ ഇനി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം ആശ്വാസധനം സ്വീകരിച്ചു മാപ്പു നൽകണം. അതിനുള്ള ചർച്ചകളാണു നടക്കാനുള്ളത്. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും കൈകോർക്കണമെന്നു നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കഴിഞ്ഞ ഏപ്രിൽ 20നു യെമനിലേക്കുപോയ അവർ അവിടെനിന്നുള്ള വിഡിയോ സന്ദേശത്തിലാണ് ഈ അപേക്ഷ മുന്നോട്ടുവച്ചത്. ‘നിമിഷയുടെ ശിക്ഷ നടപ്പാക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ എന്നാണ് ഇന്നലെ ഞാനറിഞ്ഞത്. ആ ജീവൻ രക്ഷിക്കാനായി എല്ലാവരും സഹായിക്കണം. എന്റെ അവസാനത്തെ അപേക്ഷയാണിത്. കേന്ദ്രസർക്കാരടക്കം എല്ലാവരും കൈകോർത്ത് ശ്രമിക്കണം. ആക്‌ഷൻ കൗൺസിലിലെ ഓരോ മക്കളും നിമിഷയുടെ മോചനത്തിനായി ഇത്രയും കാലം സഹായിച്ചു. അവളുടെ ജീവൻ രക്ഷിക്കാനായി കഷ്ടപ്പെടുന്ന ഓരോരുത്തർക്കും നന്ദി – പ്രേമകുമാരി പറഞ്ഞു.

Most Popular

error: