Tuesday, 21 January - 2025

വീട്ടുടമയുടെ സഹോദരന്‍ ക്രൂരമായി മര്‍ദിച്ചു, ചുവരിനോട് ചേര്‍ത്ത് ഇടിച്ചു’; ക്രൂര പീഡനം

സംസാരിക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ച് വീട്ടുടമയുടെ സഹോദരന്‍ ക്രൂരമായി മര്‍ദിച്ചെന്ന് യുവതി. ബെംഗളൂരുവിലെ സഞ്ജയ് നഗറില്‍  വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ 26കാരിക്കാണ് ദുരനുഭവം. മര്‍ദനമേറ്റതിന്‍റെ പാടുകള്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ അവര്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. ഡിസംബര്‍ മൂന്നിനാണ് യുവതി ക്രൂരമായ മര്‍ദനത്തിന് ഇരയായത്.

വാടക വീടിന്‍റെ ഉടമയുടെ സഹോദരന്‍ ജനാലയ്ക്കരികിലെത്തി തന്നോട് വാതില്‍ തുറക്കണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിന് പിന്നാലെ ഇയാള്‍ അസ്വസ്ഥനായി മടങ്ങിയെന്ന് യുവതി പറയുന്നു. രാത്രിയായപ്പോള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണ പാഴ്സല്‍ വാങ്ങാനായി യുവതി താഴേക്ക് ഇറങ്ങി. വാങ്ങി തിരികെ വരുമ്പോള്‍ മദ്യപിച്ച് ലക്കുകെട്ട വീട്ടുടമയുടെ സഹോദരന്‍ നേരത്തെ സംസാരിക്കാന്‍ തയ്യാറാവാതിരുന്നത് ചോദ്യം ചെയ്തു. ‘എന്‍റെ വീട്ടില്‍ താമസിച്ച് എന്നോട് ആറ്റിറ്റ്യൂഡ് കാണിക്കാനായോ’ എന്ന് ചോദിച്ച് അസഭ്യം പറയാനും തല്ലാനും തുടങ്ങിയെന്നും യുവതി പറയുന്നു.

മുടികുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചുവെന്നും പടിക്കെട്ടിലേക്ക് തള്ളിയിട്ടെന്നും ബോധം പോകുന്നത് വരെ തല ഭിത്തിയില്‍ ഇടിപ്പിച്ചുവെന്നും വലിച്ചിഴച്ച് അയാളുടെ മുറിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നും യുവതി വിശദീകരിക്കുന്നു.

കുതറിയോടാന്‍ നോക്കിയ യുവതിയെ കടിച്ച് പരുക്കേല്‍പ്പിക്കാനും ഇയാള്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അലറിക്കരഞ്ഞ് ഇറങ്ങിയോടിയപ്പോള്‍ പിന്നാലെയെത്തി വീണ്ടും ഉപദ്രവിച്ചു. ഇനിയും സംസാരിക്കാനൊരുങ്ങിയില്‍ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇയാള്‍ വസ്ത്രമഴിച്ച് നഗ്നത പ്രദര്‍ശിപ്പിച്ചെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സുഹൃത്തിനെയും ഉപദ്രവിച്ചു. യുവതിയുടെ സുഹൃത്ത് പകര്‍ത്തിയ അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. യുവതിയുടെ വിരലുകള്‍, കൈ, തോള്‍ എന്നിവിടങ്ങളില്‍ സാരമായ പരുക്കേറ്റതായി ദൃശ്യങ്ങളില്‍ കാണാം.

പൊലീസിനോട് പരാതിപ്പെട്ടതിന് പിന്നാലെ അപവാദ പ്രചരണം നടത്തുകയാണെന്നും മോശക്കാരിയാക്കി ചിത്രീകരിക്കുന്നുവെന്നും യുവതി വെളിപ്പെടുത്തി. ഉപദ്രവത്തെ തുടര്‍ന്ന് ഇവര്‍ ഈ വാടക വീട് ഒഴിഞ്ഞു. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് ഉടമ തിരികെ നല്‍കിയില്ലെന്നും അത് തിരികെ നല്‍കാന്‍ ഇടപെടണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Most Popular

error: