ന്യൂഡല്‍ഹി: വിവാഹമോചന കേസുകളില്‍ ജീവനാംശം വിധിക്കുന്നതിൽ എട്ട് നിബന്ധനകള്‍ മുന്നോട്ടുവച്ച് സുപ്രീംകോടതി. വിവാഹ മോചനവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിബന്ധന.
ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കിയ സംഭവം ചർച്ചയാകുന്നതിനിയിലാണ് സുപ്രീം കോടതി ബെഞ്ച് ജീവനാംശം വിധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ മുന്നോട്ടുവച്ചത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ അതുല്‍ സുഭാഷാണ് (34) കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്ന് അതുല്‍ ആരോപിച്ചിരുന്നു. വീഡിയോയ്ക്ക് പുറമേ 24 പേജുള്ള ആത്മഹത്യാ കുറിപ്പും അതുല്‍ എഴുതിയിരുന്നു. മാറത്തഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ജുനാഥ് ലോഔട്ട് മേഖലയിലാണ് സംഭവം നടന്നത്.
തന്നെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും അതുല്‍ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഭാര്യക്കും ബന്ധുക്കള്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം അതുൽ വളരെയധികം പീഡിപ്പിക്കപ്പെട്ടുവെന്നും അത് ഞങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്നും അതുലിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.