Thursday, 5 December - 2024

റിയാദ് മെട്രോയ്ക്ക് പിന്നാലെ സൗദിയിൽ വിനോദയാത്രയ്ക്ക് ക്രൂസ് കപ്പലും

ജിദ്ദ: റിയാദ് മെട്രോയ്ക്ക് പിന്നാലെ വിനോദയാത്രയ്ക്ക് ഒരുങ്ങി കപ്പലും. ക്രൂസ് കപ്പൽ വിനോദയാത്രക്കായി ഡിസംബർ 16 ന് ആരംഭിക്കുമെന്ന് സൗദി ടൂറിസം അതോറിറ്റി അറിയിച്ചു. ക്രൂസ് കപ്പൽ യാത്രക്കാർക്കായി ചെങ്കടലിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ദ്വീപുകൾ ഒരുക്കുന്നത് പുരോഗമിക്കുകയാണ്. പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ആദ്യത്തെ അറബ് ക്രൂയിസ് ലൈനായ ‘അറോയ ക്രൂയിസ്’ ആണ് ആദ്യ കപ്പൽ യാത്രക്കുള്ള ഒരുക്കം പൂർത്തിയാക്കുന്നത്.

ജർമനിയിലെ ബ്രെമർഹാവൻ തുറമുഖത്തുനിന്ന് ജിദ്ദ തുറമുഖത്തേക്കെത്തിക്കുന്ന അറോയ ക്രൂസ് ഡിസംബർ രണ്ടാം വാരത്തിൽ സഞ്ചാരികൾക്കായി വാതിലുകൾ തുറക്കും. യാത്രക്കിടയിൽ കാഴ്ച്കൾ ആസ്വദിക്കുന്നതോടൊപ്പം മികച്ച ഭക്ഷണം രുചിക്കാനും നല്ല യാത്രാനുഭവം പകർന്നു നൽകാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. മൂന്നു രാത്രികൾ നീണ്ടുനിൽക്കുന്നത് മുതൽ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള ദീർഘദിവസങ്ങളിലേത് വരെ വിവിധതരം ട്രിപ്പുകൾ ഒരുക്കുന്നുണ്ട്.

‘അറോയ ക്രൂസ്’ ടൂറിസം വ്യവസായത്തിലെ ഏറ്റവും വലിയ യാത്രാനുഭവം നൽകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നൂറിലേറെ ചെറു ദ്വീപുകളാൽ സമ്പന്നമാണ് സൗദിയുടെ ചെങ്കടൽ ഭാഗങ്ങൾ. ഇവ ടൂറിസത്തിനായി ഉപയോഗപ്പെടുത്തുകയാണ് അതോറിറ്റി. സന്ദർശകരെ സ്വീകരിക്കാനുള്ള ഒരുക്കം വിവിധ ദ്വീപുകളിൽ തകൃതിയായി നടക്കുകയാണിപ്പോൾ.

Most Popular

error: