Tuesday, 5 November - 2024

പ്രവാസികൾക്ക് ലുലു ഗ്രൂപ്പിന്റെ ഓഹരികൾ സ്വന്തമാക്കാൻ അവസരം; നിക്ഷേപകരെ സ്വാഗതം ചെയ്ത് എം.എ യൂസഫലി

അബുദാബി: യുഎഇയിൽ ലുലുവിന്റെ ഓഹരി വിൽപ്പനയ്ക്കായുള്ള പ്രാരംഭ നടപടികൾ തുടങ്ങി. നിക്ഷേപകരുടെ താല്പര്യം ക്ഷണിച്ചുള്ള നിക്ഷേപ സംഗമത്തിനും തുടക്കമായി. പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുവെന്ന് ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. റീട്ടെയിൽ രംഗത്ത് യുഎഇയിലെ സമീപകാലയളവിലെ ഏറ്റവും വലിയ ഓഹരി വിൽപനയാണ് തുടങ്ങുന്നത്.
258 കോടി ഓഹരികൾ.

യുഎഇ റെസിഡന്റ് ആയ ഇൻവെസ്റ്റർ നമ്പരുള്ളവർക്ക് നേരിട്ടും മറ്റു ജിസിസി രാജ്യങ്ങളിലുള്ളവർക്ക് ബ്രോക്കർ ഏജൻസികൾ വഴിയും ഓഹരികൾ വാങ്ങാം. ഇതൊന്നുമില്ലാത്ത ഇന്ത്യയിൽ നിന്നുള്ളവർക്ക് നിലവിലെ റെഗുലേഷൻ പ്രകാരം ഓഹരി വാങ്ങാനാകില്ല.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് എൻബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മാഷ്റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങൾ നിർവ്വഹിക്കുന്നത്. ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് ശ്രംഖലയുടെ ഓഹരി പങ്കാളിത്വത്തിനാണ് അവസരം.

അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു നേരത്തെ നൂറ് കോടി ഡോളറിന്റെ നിക്ഷേപം നടത്തി ലുലുവിന്റ ഇരുപത് ശതമാനം ഓഹരികൾ നേടിയിരുന്നു. റീട്ടെയിൽ – ഭക്ഷ്യ സംസ്കരണ ശൃംഖലയുടെ വിപുലീകരണത്തിനാണ് വഴിയൊരുങ്ങുന്നത്. ഓഹരിവില ഐപിഒ ആരംഭിക്കുന്ന ഒക്ടോബർ 28ന് പ്രഖ്യാപിക്കും.

നവംബർ 5 വരെ അപേക്ഷിക്കാം. നവംബർ ആറിന് അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീറ്റെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് വിവരം ലഭിക്കും. നവംബർ 14ഓടെയാണ് ലിസ്റ്റിങ്ങ്. റീട്ടെയ്ൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരികളുണ്ട്. 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങൾക്കും ഒരു ശതമാനം ജീവനക്കാർക്കുമായി നിശ്ചയിച്ചിട്ടുണ്ട്. 14,280 മുതൽ 15,120 കോടി രൂപ വരെയാണ് സമാഹരിക്കാൻ ലക്ഷ്യം.

Most Popular

error: