ലക്‌നൗ: ഡിജെ മിക്‌സറിന്റെ കേടുപാടുകള്‍ നന്നാക്കാന്‍ വേണ്ടി പണം നല്‍കാത്ത മാതാവിനെ മകനും സുഹൃത്തുക്കളും തലക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി സംഗീത ത്യാഗി (47)യെയാണ് മകന്‍ സുധീറും സുഹൃത്തുക്കളായ അങ്കിതും സച്ചിനും കൊലപ്പെടുത്തിയത്. കൊല നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് മകനാണ് പിന്നിലെന്ന് പൊലീസ് കണ്ടെത്തുന്നത്. മൂവരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഒക്ടോബര്‍ നാലിന് ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയിലാണ് സംഗീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെറിയ തുണിഫാക്ടറിയിലാണ് സംഗീത ജോലി ചെയ്യുന്നത്. ഡിജെ കണ്‍സോള്‍ നന്നാക്കാന്‍ വേണ്ടി 20,000 രൂപ സുധീര്‍ സംഗീതയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഗീത അത് നല്‍കാന്‍ തയ്യാറായില്ല.
ഇതില്‍ നിരാശനായ സുധീര്‍ ഒക്ടോബര്‍ മൂന്നിന് രാത്രി സംഗീതയെ തന്റെ ബൈക്കില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് സുധീറും സുഹൃത്തുക്കളും ചേര്‍ന്ന് ഇഷ്ടിക ഉപയോഗിച്ച് സംഗീതയുടെ തലയ്ക്കടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം ട്രോണിക്ക നഗരത്തിലുപേക്ഷിച്ച് മൂവരും സ്ഥലം വിടുകയായിരുന്നു.
സുധീര്‍ ക്രിമിനലാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും ഗാസിയാബാദ് റൂറല്‍ ഡിസിപി സുരേന്ദ്രനാഥ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ ജോലിയില്ലാത്ത സുധീര്‍ ഇടയ്ക്ക് ഡിജെയായി ജോലി ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം സുഹൃത്തുക്കളായ അങ്കിതിന്റെയും സച്ചിന്റെയും പേരില്‍ മറ്റ് ക്രിമിനല്‍ കേസുകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.