‘സഭാ ടിവി തിരുത്തല്‍ ശക്തിയായി മാറി’; പുതിയ ചാനല്‍ ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍, ബഹിഷ്‌കരിച്ച് പ്രതിപക്ഷം

0
841

തിരുവനന്തപുരം: നിയമസഭാ കാര്യങ്ങളുടെ ഭാഗമായാണ് പല കാര്യങ്ങളും സഭ രേഖകളില്‍ നിന്ന് മാറ്റുന്നതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അതുകൊണ്ടാണ് അത്തരം രേഖകള്‍ സഭാ ടിവിയില്‍ നിന്നും ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭ രേഖകളില്‍ നിന്ന് ഒഴിവാക്കിയതിനാലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസംഗം എഡിറ്റ് ചെയ്തതെന്നും ഷംസീര്‍ വ്യക്തമാക്കി.

സഭ ടിവിയുടെ പുതിയ ചാനലായ സഭ ടിവി എക്‌സിക്യൂട്ടീവിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഷംസീറിന്റെ പ്രതികരണം. പ്രതിപക്ഷ പ്രതിഷേധം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്‌കരിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഒഴിവാക്കിയതിലും പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.

‘സഭ രേഖകളില്‍ നിന്ന് ഒഴിവാക്കിയതിനാലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം എഡിറ്റ് ചെയ്തത്. ഇന്നലെയും ഇന്നും നടന്ന അടിയന്തര പ്രമേയം പൂര്‍ണ്ണമായും ലൈവ് ആയിരുന്നു. സഭ ടിവി ഒരു തിരുത്തല്‍ ശക്തി ആയി മാറി കഴിഞ്ഞു. സഭ ടിവിക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ നല്ല പിന്തുണ അറിയിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ വക്രീകരിച്ച് തെറ്റിദ്ധാരണ പരത്തുന്നു രീതിയില്‍ പല മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നു. ആ ശീലം ഒഴിവാക്കണം. മാധ്യമപ്രവര്‍ത്തകന്മാരെന്ന രീതിയില്‍ എന്തും വിളിച്ചു പറയാം എന്ന രീതിയില്‍ എത്തുന്നത് ശരിയല്ല. ശരിയെന്ന കാര്യം കൊടുക്കുന്നതില്‍ തെറ്റില്ല. ശരിയെന്ന ബോധ്യം ഉണ്ടാകണം’, എ എന്‍ ഷംസീര്‍ പറഞ്ഞു.

സ്വയം വിമര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ക്കും മേധാവികള്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തനം ആരെയും ശരിപ്പെടുത്താല്‍ ഉള്ളതല്ല എന്ന ബോധ്യം വേണമെന്നും ഏറ്റവും കൂടുതല്‍ അടിയന്തര പ്രമേയങ്ങള്‍ക്ക് അനുമതി നല്‍കി ചര്‍ച്ച നടന്നത് പതിനഞ്ചാം കേരള നിയമസഭയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.