Sunday, 6 October - 2024

അൻവറിന്റെ‌ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നു; എംഎൽഎയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആരോപണങ്ങൾ തുടരുന്നതിനിടെ പി.വി അൻവർ എംഎൽഎയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ ഭാഗം അല്ല എന്നടക്കം അൻ‍വർ പരസ്യമായി പറഞ്ഞു. പിന്നെ ഏത് ഭാ​ഗമാണെന്ന് അൻവർ തീരുമാനിക്കട്ടെ.

എന്തായാലും അദ്ദേഹം എൽഡിഎഫിന്റെ ഭാ​ഗമായിരുന്നപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളഞ്ഞില്ല. അത് പരിശോധിക്കാൻ ആണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനവേ​ദിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അൻവറിന്റെ ആരോപണങ്ങൾ സർക്കാർ ഗൗരവത്തിലെടുത്തു. അവയ്ക്ക് പിന്നിലെ ഉദ്ദേശ്യം എന്തെന്നൊന്നും പരിശോധിക്കാൻ പോയില്ല. പക്ഷേ ഒരു എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ എന്ന നിലയ്ക്ക് ഗൗരവത്തിലെടുത്തു. എന്നിട്ട്, അതുമായി ബന്ധപ്പെട്ട് പരിശോധിക്കാൻ കേരളത്തിലെ ഏറ്റവും ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനായ ഡിജിപിയുടെ നേതൃത്വത്തിൽ ഒരു ടീമിനെ നിയോഗിച്ചു.

ആ ടീമിന്റെ പരിശോധന ഒരു മാസം കൊണ്ട് പൂർത്തിയാക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ആ റിപ്പോർട്ട് കിട്ടുന്നമുറയ്ക്ക് അതിന്റേതായ നടപടികളിലേക്ക് കടക്കും. ഇതാണ് സർക്കാർ സ്വീകരിച്ച നടപടി. അതിൽ സർക്കാരിനൊന്നും മറച്ചുവയ്ക്കാനില്ല. ആ റിപ്പോർട്ട് വരട്ടെ. അതിനു ശേഷം എന്ത് ചെയ്യണോ അതിലേക്ക് സർക്കാർ നടക്കും- മുഖ്യമന്ത്രി പറഞ്ഞു.

പക്ഷേ, അതിന് മുമ്പുതന്നെ പ്രത്യേക അജണ്ടയുമായി അദ്ദേഹം രംഗത്തിറങ്ങിക്കഴിഞ്ഞു. അതേക്കുറിച്ച് താൻ ഇപ്പോൾ താൻ കൂടുതലൊന്നും പറയുന്നില്ല. ഏതായാലും ഇതൊന്നും നമ്മുടെ നാട് അംഗീകരിക്കില്ല. ജനമനസിൽ തെറ്റിദ്ധാരണ പരത്തി വർഗീയവിദ്വേഷം തിരുകിക്കയറ്റാനുള്ള ശ്രമം തിരിച്ചറിയണം. അതിനെ ഒറ്റപ്പെടുത്തണം- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Popular

error: