Thursday, 10 October - 2024

വാഹനാപകടം; പരുക്കേറ്റ മലയാളി ഡെലിവറി ജീവനക്കാരന് 11.5 കോടി രൂപ നഷ്ട പരിഹാരം

വാഹനാപകടത്തെ തുടർന്ന് 50 ദശലക്ഷം ദിർഹം നഷ്ട പരിഹാരം ലഭിക്കുന്ന യുഎഇയിലെ രണ്ടാമത്തെ കേസാണിത്

ദുബൈ: അൽ ഐനിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി ഡെലിവറി ബോയിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം വിധിച്ച് ദുബായ് കോടതി. അൽ ഐനിലെ സൂപ്പർ മാർക്കറ്റിൽ ഡെലിവറി ജോലി ചെയ്തിരുന്ന ഷിഫിനാ(24)ണ് നഷ്ടപരിഹാരം ലഭിച്ചത്.  മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഉമ്മറിന്റെ മകനാണ്. വാഹനാപകടത്തെ തുടർന്ന് 50 ദശലക്ഷം ദിർഹം നഷ്ട പരിഹാരം ലഭിക്കുന്ന യുഎഇയിലെ രണ്ടാമത്തെ കേസാണിത്. കൂടാതെ, ഇത്രയും തുക നഷ്ടരിഹാരം ലഭിക്കുന്ന ആദ്യ മലയാളിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് ആണ് ഇതിനായി നിയമ പോരാട്ടം നടത്തിയത്.

2022 മാര്‍ച്ച് 26 ന് നടന്ന ഒരപകടമാണ് കേസിനാധാരം. അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ സൗദിയിൽ പ്രവാസിയായ പിതാവിന് കൈത്താങ്ങായാണ് 22–ാം വയസിൽ ഷിഫിന്‍ യുഎഇയിലെത്തിയത്. അല്‍ ഐനിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍  ജോലിയിൽ പ്രവേശിച്ചു. സൂപ്പർ മാർക്കറ്റിൽ നിന്ന് മോട്ടോര്‍ ബൈക്കിൽ  സാധനങ്ങളുമായി പോയ ഷിഫിനെ സ്വദേശി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്  ഷിഫിന് ഗുരുതര പരുക്കേറ്റു. തലയ്ക്കായിരുന്നു ക്ഷതമേറ്റത്. അപകടമുണ്ടാക്കിയ സ്വദേശി വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ബോധശൂന്യനായി കിടന്ന ഷിഫിനെ അതുവഴി വന്ന മറ്റൊരു സ്വദേശിയാണ് ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനമൊരുക്കിയത്. സിസിടിവി സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടി. 

ഷിഫിനെ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കം. ക്രെ‍ഡിറ്റ്–സ്പെഷ്യൽ അറേഞ്ച്മെന്റ്
∙ഏക മകന് വേണ്ടി പിതാവ് ആശുപത്രിയിൽ കാത്തിരുന്നത് ഒന്നരവർഷം
ഏക മകന്‍റെ ദാരുണമായ അപകട വിവരമറിഞ്ഞ പിതാവ് സഊദിയിലെ ജോലിസ്ഥലത്ത് നിന്ന് അല്‍ ഐനിലെ ആശുപത്രിയില്‍ എത്തി. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അല്‍ ഐനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അവിടുത്തെ തന്നെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മകന്‍റെ കാലോ കൈയോ ചലിക്കുന്നത് കാണാന്‍ പിതാവ് ഒന്നര വര്‍ഷത്തോളം വെന്റിലേറ്ററിന് പുറത്ത് കാവലിരുന്നു. തലച്ചോറിനേറ്റ പരുക്ക് മൂലം ഈ യുവാവിന്‍റെ പത്തോളം അവയവങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടതായി വൈദ്യശാസ്ത്രം വിധിയെഴുതി. ഇതോടെ അബൂദബിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ  വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയായിരുന്നു. 

പ്രിയപ്പെട്ടവരുടെ പ്രാര്‍ഥനയും യുഎഇയിലെ വിദഗ്ധ ചികിത്സയുടെയും ഫലമെന്നോണം പിന്നീട് ഷിഫിന്‍ തല ചലിപ്പിക്കാൻ തുടങ്ങി. ഇതോടെ തുടര്‍ ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചു. ഇതിനിടെ ഷാര്‍ജ ആസ്ഥാനമായ ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സിലെ സീനിയർ കൺസൾട്ടന്റായ ഈസാ അനീസ്, മലയാളികളായ അഡ്വ. യു.സി. അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസിൽ എന്നിവര്‍ അപകടവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കുത്തു. ദുബായ് കോടതിയില്‍ നടന്ന കേസിനെ തുടര്‍ന്ന് ഷിഫിന്‍റെ നിലവിലെ ദുരിതപൂര്‍ണമായ ജീവിതാവസ്ഥ മനസ്സിലാക്കിയ ഇൻഷുറൻസ് അതോറിറ്റി കോർട് ഷിഫിന് നഷ്ടപരിഹാരമായി 28 ലക്ഷം ദിർഹം വിധിക്കുകയുണ്ടായി. എങ്കിലും യുവാവിന്റെ  ശാരീരിക മാനസിക അവസ്ഥ പരിഗണിച്ചു കൂടുതൽ തുക ലഭിക്കാനുള്ള കേസുമായി അഭിഭാഷകർ മുന്നോട്ടു പോവുകയായിരുന്നു. തുടർന്നുള്ള അപ്പീൽ കോടതി നിയമ നടപടികളിലൂടെ നഷ്ടപരിഹാര തുക 50 ലക്ഷം ദിർഹമായി ഉയർത്താൻ സാധിച്ചു. പിന്നീട് ഒന്നാം ഘട്ട സുപ്രീം കോടതി വിധി, രണ്ടാം ഘട്ട അപ്പീൽ കോടതി വിധി, രണ്ടാം ഘട്ട സുപ്രീം കോടതി വിധി എന്നിവയിലൊക്കെയും 50 ലക്ഷം ദിർഹം എന്ന ജഡ്ജ്‍മെന്റ് നില നിർത്തുകയാണ് ഉണ്ടായത്.

നഷ്ടപരിഹാരത്തുകയുടെ ചെക്ക് ഷിഫിന്റെ പിതാവിന് കൈമാറിയപ്പോൾ. ചിത്രം–മനോരമ
ഇതിന് മുന്പ് ദുബായ് റാഷിദിയയിലുണ്ടായ ഒമാന്‍ ബസപകടത്തില്‍ ഇരയായ ഇന്ത്യന്‍ യുവാവിന് സുപ്രീം കോടതി 50 ലക്ഷം ദിർഹം നഷ്ട പരിഹാരം വിധിച്ചിരുന്നു. ഈ കേസിലും ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്സാണ് നിയമ സഹായം നൽകിയത്.  ഫ്രാൻഗൾഫ്  അഡ്വക്കേറ്റ്സ് മുഖ്യ ഉപദേഷ്ടാവ് ഷരീഫ് അൽ വർദയുടെ മേൽനോട്ടത്തിൽ യുഎഇ അഭിഭാഷകരായ ഹസ്സൻ അശൂർ അൽമുല്ല,  ഫരീദ് അൽ ഹസ്സൻ എന്നിവരാണ്  ഇൻഷുറൻസ് അതോറിറ്റി മുതൽ വിവിധ കോടതികളിൽ നടന്ന കേസുകൾക്കു വിവിധ ഘട്ടങ്ങളിൽ ഹാജരായത്. അൽ ഐൻ കെഎംസിസിയും സഹായവുമായി രംഗത്തുണ്ടായിരുന്നു.

Most Popular

error: