Thursday, 10 October - 2024

കുതിരയോട്ട ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കരുത്തായി മലയാളി; റെക്കോർഡിട്ട് നിദ

ദീർഘദൂര കുതിരയോട്ടത്തിലെ ആഗോള ചാമ്പ്യൻഷിപ്പായ എഫ്.ഈ.ഐ എൻഡ്യൂറൻസ് ടൂർണമെന്റിലെ സീനിയർ വിഭാഗം മത്സരം വിജയകരമായി പൂർത്തിയാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി റെക്കോർഡിട്ട്  മലപ്പുറം തിരൂർ സ്വദേശിനി അന്‍ജും ചേലാട്ട്.

ഈ വിഭാഗത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ലോകത്തിലെ ആദ്യത്തെ ഇന്ത്യൻ വ്യക്തിയെന്ന റെക്കോർഡും ഇനിയീ 22കാരിക്ക് സ്വന്തം.  ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന മത്സരത്തിൽ 40 രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാരെ നേരിട്ടാണ് ഇന്ത്യയുടെ കുതിരയോട്ട മത്സരചരിത്രത്തിലെ റെക്കോർഡ് നിദ സ്വന്തം പേരിലാക്കിയത്. ആഗോളതലത്തിൽ ഇന്ത്യൻ കായികരംഗം ഒരു സുപ്രധാന നാഴികക്കല്ലാണ് നിദയിലൂടെ മറികടന്നത്. 

ഇന്റർനാഷണൽ എക്യുസ്ട്രിയൻ ഫെഡറേഷനാണ് (എഫ്.ഇ.ഐ) മത്സരം സംഘടിപ്പിച്ചത്. കടുത്ത പരീക്ഷണങ്ങൾക്കും മത്സരങ്ങൾക്കും ശേഷമാണ് നിദ പങ്കെടുക്കാൻ യോഗ്യത നേടിയത്. യു.എ.ഇ, ബഹ്‌റൈൻ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച കുതിരയോട്ടക്കാരായിരുന്നു നിദയുടെ എതിരാളികൾ. ഇന്ത്യക്കാർക്ക് ഈ കായികയിനം അത്ര പരിചിതമല്ലെങ്കിലും, പല രാജ്യങ്ങളിലും അവരുടെ സാംസ്‌കാരികപാരമ്പര്യത്തിന്റെ ഭാഗമാണ് കുതിരയോട്ടം. നിദ ഉൾപ്പെടെ 45 പേർ മാത്രമാണ് അവസാനം വരെ മത്സരത്തിൽ പിടിച്ചുനിന്നത്. 

12 വയസുപ്രായമുള്ള തന്റെ വിശ്വസ്ത പെൺകുതിര പെട്ര ഡെൽ റേയുടെ ചുമലിലേറിയാണ് നിദ മത്സരം പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ 160 കിലോമീറ്റർ ദൈർഖ്യമുള്ള പാത, വെറും 10 മണിക്കൂർ 23 മിനുട്ട് കൊണ്ടാണ് നിദ കീഴടക്കിയത്. 73 കുതിരകൾ അയോഗ്യത നേടി പുറത്തായി. 

ആദ്യഘട്ടത്തിൽ 61ആം സ്ഥാനത്തായിരുന്നു നിദ. രണ്ടാം ഘട്ടത്തിൽ 56ആം സ്ഥാനത്തേക്കും മൂന്നാം ഘട്ടത്തിൽ 41ആം സ്ഥാനത്തേക്കും മുന്നേറി. നാലാം ഘട്ടമെത്തിയപ്പോൾ നിദ 36ആം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് 27ആം സ്ഥാനത്തെത്തി. അവസാനലാപ്പിൽ 17ആം സ്ഥാനമെന്ന മികച്ച റെക്കോർഡോടു കൂടിയാണ് നിദ ഓടിയെത്തിയത്. മണിക്കൂറിൽ 16.09 കിലോമീറ്റർ ആയിരുന്നു നിദയുടെ ശരാശരി വേഗം. ചാമ്പ്യൻഷിപ്പിലെ വ്യക്തിഗത മത്സരത്തിൽ ബഹ്‌റൈനും യുഎഇയുമാണ് സ്വർണവും വെള്ളിയും നേടിയത്. ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസും ചൈനയുമാണ് ജേതാക്കൾ.

Most Popular

error: