പകച്ചു നില്‍ക്കുമ്പോഴല്ല മുന്നേറുമ്പോഴാണ് ജീവിതം കൂടുതല്‍ ഊര്‍ജമുള്ളതാകുന്നതെന്ന് തെളിയിക്കുകയാണ് ഉഷാറാണി .ആര്‍മി എജ്യുക്കേഷന്‍ കോര്‍പ്‌സില്‍ ഉദ്യോഗസ്ഥനായിരിക്കെ, നാലുവര്‍ഷംമുമ്പാണ് ഉഷാറാണിയുടെ ഭര്‍ത്താവ് ക്യാപ്റ്റന്‍ ജഗ്താര്‍ സിങ് തീവണ്ടി അപകടത്തില്‍ മരിക്കുന്നത്.
അന്ന് എന്ത് ചെയ്യണമെന്നറിയാതെ തന്റെ ഇരട്ടകുട്ടികളുമായി പകച്ചുനില്‍ക്കുകയായിരുന്നു ഉഷാ റാണി. എന്നാല്‍ ഇന്ന് തന്റെ കഠിനപ്രയത്‌നത്തിലൂടെയും ആത്മധൈര്യത്തിലൂടെയും ഉഷാറാണി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിരിക്കുകയാണ്.
ഭര്‍ത്താവിന്റെ വിയോഗം ഉഷാറാണിയെ തളര്‍ത്തിയെങ്കിലും മനോധൈര്യത്തിലൂടെ അവര്‍ ജീവിതം തിരികെപ്പിടിച്ചു, വിജയം കൈവരിച്ചു. കുട്ടികളെ വളര്‍ത്തിയെടുക്കന്നതിനൊപ്പം ബിരുദപഠനവും ഉഷാറാണി പൂര്‍ത്തീകരിച്ചു.
പിന്നീട് ആര്‍മി പബ്ലിക് സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കുകയായിരുന്നു. അവിടെ നിന്നാണ് സൈന്യത്തില്‍ ചേരണമെന്നുള്ള ആഗ്രഹം ഉഷാറാണിയിലേക്കെത്തുന്നത്. കഴിഞ്ഞവര്‍ഷം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു ഉഷാറാണി ഒടിഎയില്‍ പരിശീലനം ആരംഭിച്ചത്.
ഉഷാറാണി അടക്കം 250 പേര്‍കൂടി കരസേനയില്‍ ഓഫീസര്‍മാരായി. ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ 11 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഓഫിസര്‍മാര്‍ വിവിധ മേഖലകളിലെ കരസേനാ യൂണിറ്റുകളില്‍ ചുമതലയേല്‍ക്കും.