Saturday, 21 September - 2024

‘ബിരിയാണിയിൽ കോഴിക്കാല് തേടിപ്പോയവർ മലയിറങ്ങി’; രക്ഷാപ്രവർത്തകരെ പരിഹസിച്ച് എം.എൽ.എ

കോഴിക്കോട്: മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ പരിഹസിച്ച് കോന്നി എം.എൽ.എ കെ.യു ജെനീഷ് കുമാർ. ‘ജീവൻ തേടിപ്പോയവർ ഇന്നും അവിടുണ്ട്, ബിരിയാണിയിൽ കോഴിക്കാല് തേടിപ്പോയവർ മലയിറങ്ങി’ എന്നാണ് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മുസ്‌ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡ് മുണ്ടക്കൈയിൽ നടത്തിയ ഭക്ഷണവിതരണം പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു. വൈറ്റ് ഗാർഡ് അംഗങ്ങളെ ഡി.ഐ.ജി തോംസൺ ജോസ് അധിക്ഷേപിച്ചതായും ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ പൊലീസിനും സർക്കാരിനുമെതിരെ വലിയ പ്രതിഷേധമുയർന്നു. നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ചുക്കുമില്ലെന്ന് ഡി.ഐ.ജി പറഞ്ഞതായാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.

അടുക്കള പൂട്ടിച്ചത് സർക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഇതിനെതിരെ സി.പി.ഐ സൈബർ ടീം വലിയ പ്രചാരണവും പരിഹാസവും നടത്തിയിരുന്നു. ഡി.വൈ.എഫ്.ഐക്കാർ ദുരന്തഭൂമിയിൽ കാണാതായവരെ തിരയുമ്പോൾ വൈറ്റ് ഗാർഡ് ബിരിയാണിയിൽ കോഴിക്കാല് തിരയുകയാണ് എന്നായിരുന്നു സി.പി.എം അനുകൂല പേജുകളിൽ പ്രചരിച്ചത്. ഇതേ പ്രചാരണമാണ് ഇപ്പോൾ എം.എൽ.എയും ഏറ്റെടുത്തിരിക്കുന്നത്.

Most Popular

error: