ഡൽഹി: കാർഗിൽ യുദ്ധത്തിന്‍റെ വിജയസ്മരണയിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിലെത്തും. ‘ഈ ദിനത്തെ ഓരോ ഇന്ത്യക്കാരനും സവിശേഷമായ ദിനമായി കാണണമെന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊല്ലപ്പെട്ട സൈനികർക്ക് എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണിതെന്നും’ മോദി ട്വിറ്ററിലുടെ വ്യക്തമാക്കി.
ഞാൻ കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കുകയും വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു.
1999-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യൻ സൈന്യം നിർമ്മിച്ച സ്മാരകമാണ് ദ്രാസ് യുദ്ധ സ്മാരകം എന്ന് അറിയപ്പെടുന്ന കാർഗിൽ യുദ്ധ സ്മാരകം. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാർഗിൽ ജില്ലയിലെ ദ്രാസിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്.
1999ലെ കാർഗിൽ യുദ്ധത്തിൽ സൈനികർ നടത്തിയ ത്യാഗങ്ങൾ വെറുതെയാകില്ലെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. രാജ്യത്തെ യുവാക്കൾക്കും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഷിങ്കുൻ – ലാ തുരങ്ക പദ്ധതിക്കും പ്രധാനമന്ത്രി ഇന്ന് തുടക്കമിടും. ഷിങ്കുൻ ലാ തുരങ്ക പദ്ധതിയിൽ നിമ്മു – പദും – ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കവും ഉൾപ്പെടുന്നു.
ഇത് ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പർക്ക സൗകര്യമൊരുക്കുന്നതാകും. തുരങ്കം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായി ഇതു മാറുകയും ചെയ്യും. ഷിങ്കുൻ ലാ തുരങ്കം ഇന്ത്യൻ സായുധ സേനകളുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ളതും കാര്യക്ഷമവുമായ നീക്കം ഉറപ്പാക്കുകുന്നതാണ്. മാത്രമല്ല, ലഡാക്കിലെ സാമ്പത്തിക-സാമൂഹ്യ വികസനം പ്രോത്സാഹിപ്പിക്കാനും ഇതിനാകുമെന്നാണ് പ്രതീക്ഷ.