ആഗ്ര: ഉരുളക്കിഴങ്ങിന് അഞ്ച് രൂപ കുറച്ചുനൽകിയില്ലെന്ന കാരണത്താൽ പച്ചക്കറി കച്ചവടക്കാരനെ വെടിവെച്ചുകൊല്ലാൻ ശ്രമം.
ആഗ്രയിലെ വികാസ് നഗറിലായിരുന്നു ശിവകുമാർ എന്ന കച്ചവടക്കാരനുനേരെ വധശ്രമമുണ്ടായത്. മുപ്പത്തിയഞ്ച് രൂപ വിലയുള്ള ഒരു കിലോ ഉരുളക്കിഴങ്ങ് മുപ്പത് രൂപയ്ക്കു നൽകാൻ ഒരാൾ ആവശ്യപ്പെട്ടു. ഇത് ശിവകുമാർ നിരസിച്ചെങ്കിലും പിന്നീട് വിലപേശൽ വാക്കുതർക്കത്തിലേക്ക് നീണ്ടു. ഇതിനിടയിലാണ് അക്രമി തോക്കെടുത്ത് ശിവകുമാറിന് നേരെ വെടിവെച്ചത്.
എന്നാൽ വെടിയുണ്ട ചെവിയിലുരഞ്ഞ് പോയതോടെ ശിവകുമാർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയാണ് ചെയ്തത്. സംഭവം നടന്നയുടൻ തന്നെ അക്രമിയെ സമീപത്തുള്ള കച്ചവടക്കാർ കീഴ്പ്പെടുത്തുകയും പൊലീസിൽ ഏല്പിക്കുകയും ചെയ്തു. പരിക്കേറ്റ ശിവകുമാറിന്റെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.